Wednesday, August 6, 2008

അദ്ധ്യായം 7

അര്‍ത്ഥനാശം മനസ്താപം
ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാ/പമാനം ച
മതിമാന്‍ ന പ്രകാശയേല്‍

ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിനെ കുറിച്ചുള്ള അപഖ്യാതി, തനിക്ക് സംഭവിച്ച വഞ്ചനയുടെ കഥ- ഇത്രയും കാര്യങ്ങള്‍ ബുദ്ധിമാന്‍ ഒരിക്കലും വെളിപ്പെടുത്തരുത്.

ധനധാന്യാ പ്രയോഗേഷു
വിദ്യാ സംഗ്രഹണേഷു ച
ആഹാരേ വ്യവഹാരേ ച
ത്യക്തലജ്ജ: സുഖി ഭവേല്‍

ധനധാന്യങ്ങളുടെ ക്രയവിക്രയത്തില്‍, വിദ്യ സമ്പാദിക്കുന്നതില്‍, ഭക്ഷണത്തില്‍, തുടങ്ങിയ മറ്റ് ജീവിതചര്യകളില്‍, ഒട്ടും മടി കാണിക്കാതെ, കൂസലില്ലാതെ കര്‍ത്തവ്യമനുഷ്ഠിക്കുന്നവന് സുഖം അനുഭവിക്കാന്‍ സാധിക്കും.

സന്തോഷാ/മൃത തൃപ്താനാം
യത്സുഖം ശാന്ത ചേതസാം
ന ച തദ് ധന ലുബ്ധാനാം
ഇതശ്ചേതശ്ച ധാവതാം

അധികരിച്ച പണമോ ധനമോ മനസമാധാനം തരില്ല, ഏതവസ്ഥയേയും തുല്യമായി കാണാനുള്ള മാനസികാവസ്ഥയാണ് സമാധാനം.

സന്തോഷ തൃഷു കര്‍ത്ത‌വ്യ:
സ്വദാരേ ഭോജനേ ധനേ
ത്രിഷു ചൈവ ന കര്‍ത്തവ്യോ/-
ദ്ധ്യയനേ തപ ദാനയോ

ഭാര്യ, സ്വാദുള്ള ഭക്ഷണം, സമ്പത്ത്- ഈ കാര്യങ്ങളില്‍ ഉള്ളത് കൊണ്ട് തൃപ്തിയടയുക, എന്നാല്‍ ജ്ഞാന സമ്പാദനം, തപസ്സ്, ദാനം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലും തൃപ്തിയടയരുത്.

വിപ്രയോര്‍, വിപ്രവഹ്യോശ്ച
ദം‌പത്യോ: സ്വാമിഭൃത്യയോ:
അന്തരേണ ന ഗന്തവ്യം
ഹാലസ്യ വൃഷഭസ്യ ച

സംസാരിച്ചിരിക്കുന്ന രണ്ട് പണ്ഡിതന്‍‌മാര്‍, പടര്‍ന്നു കത്തുന്ന തീ, സ്വകാര്യം പറയുന്ന ദമ്പതിമാര്‍, ഭൃത്യനെ ശാസിക്കുന്ന യജമാനന്‍, പാടത്ത് ഉഴാന്‍ കെട്ടിയിട്ടിരിക്കുന്ന കാളകള്‍- ഇവയുടെ ഇടയില്‍ക്കൂടി മുറിച്ച് കടക്കരുത്.

പാദാഭ്യാം ന സ്പൃശേദഗ്നിം
ഗുരും ബ്രാഹ്മണമേവച
നൈവ ഗം ന കുമാരിം ച
ന വൃദ്ധം ന ശിശും തഥാ.

അഗ്നി, ഗുരു, ബ്രാഹ്മണന്‍, പശു, യുവതി, വൃദ്ധന്‍‌, ശിശു - ഇവരെ ഒരിക്കലും ചവിട്ടരുത്.

ശകടം പഞ്ചഹസ്തേന
ദശഹസ്തേന വാജിനം
ഹസ്തിം ച ശതഹസ്തേന
ദേശത്യാഗേന ദുര്‍ജ്ജനം

കാളവണ്ടിക്കരികില്‍ നിന്ന് 5 മുഴവും, ഒരു കുതിരയില്‍ നിന്ന് 10 മുഴവും, ആനയില്‍ നിന്ന് ആയിരം മുഴവും മാറി നില്‍ക്കണം. ദുര്‍ജ്ജനത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് കണക്കില്ല, സാധിക്കുമെങ്കില്‍ ദുര്‍ജ്ജനങ്ങളെ വിട്ട് മറ്റൊരു നാട്ടിലേക്ക് മാറി താമസിക്കുന്നതാണ് നല്ലത്.

ഹസ്തി അങ്കുശമാത്രേണ
വാജി ഹസ്തേന താഡയേല്‍
ശൃംഗി ലഗുഡ ഹസ്തേന
ഖഡ്ഗഹസ്തേന ദുര്‍ജ്ജന:

ആനയെ തോട്ടികൊണ്ട് മെരുക്കാം, കുതിരയെ ചാട്ട കൊണ്ട് മെരുക്കാം, കാലികളെ വടി കൊണ്ട് മെരുക്കാം- എന്നാല്‍ ദുഷ്ടജനത്തെ മെരുക്കുന്നതിന് വാളു തന്നെ വേണം.

തുഷ്യന്തി ഭോജനേ വിപ്ര
മയൂരാ ഘന ഗര്‍ജിതേ
സാധവ പരസമ്പത്തൈ:
ഖല: പരവിപത്തിഷു

ബ്രാഹ്മണനെ സന്തോഷിപ്പിക്കുന്നത് ഭക്ഷണമാണ്, മയിലിനെ ആഹ്ലാദിപ്പിക്കുന്നത് മേഘനാദമാണ്, സജ്ജനങ്ങളെ സന്തോഷിപ്പിക്കുന്നത് അന്യന്റെ സുഖജീവിതമാണ്- എന്നാല്‍ ദുഷ്ടജനങ്ങള്‍ സന്തോഷിക്കുന്നത് അന്യന് ആപത്തുവന്ന് കാണുമ്പോഴാണ്.

അനുലോപേന ബലിനം
പ്രതിലോപേന ദുര്‍ജ്ജനം
ആത്മതുല്യബലം ശത്രും
വിനയേന ബലേന വാ:

കരുത്തനായ ശത്രുവിന്റെ കാലുപിടിച്ച് കരുണ യാചിക്കാം, പക്ഷെ ദുര്‍ജ്ജനം എത്ര നിസാരനായിരുന്നാലും കരുണ കാണിക്കുകയോ കാലുപിടിക്കുകയോ ചെയ്യരുത് എതിര്‍ക്കുക തന്നെ വേണം. ശത്രു തനിക്കൊപ്പം കരുത്തനാണെങ്കില്‍ ഈ രണ്ട് രീതിയും പ്രയോഗിക്കണം.

ബാഹു വീര്യം ബലം രാജ്ഞാ
ബ്രാഹ്മണോ ബ്രഹ്മവിദ് ബലി
രൂപയൌവനമാധുര്യം
സ്ത്രീണാം ബലവദൂത്തമം

രാജാവിന്റെ അധികാരം വാളിന്റെ രൂപത്തിലും പണ്ഡിതന്റെ അധികാരം വിദ്യയുടെ രൂപത്തിലും സ്ത്രീയുടെ അധികാരം സൌന്ദര്യത്തിലും സ്ഥിതി ചെയ്യുന്നു.

യത്രോദകം തത്ര വസന്തി ഹംസാ:
തഥൈവ ശുഷ്കം പരിവര്‍ജയന്തി
ന ഹംസ തുല്യേന നരേണ ഭവ്യം
പുനസ്ത്യജന്തേ പുനരാശ്രയന്തേ

ശുദ്ധജലമുള്ളിടത്ത് അരയന്നങ്ങള്‍ കാണും, ആ ജലം വറ്റുമ്പോള്‍ അവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുന്നു. പക്ഷെ മനുഷ്യര്‍ കൂടെക്കൂടെ സ്വഭാവം മാറ്റരുത്.

ഉപാര്‍ജിതാനാം വിത്താനാം
ത്യാഗ ഏവ ഹി രക്ഷണം
തടാഗോദര സംസ്ഥാനാം
പരിവാഹ ഇവാ/0ഭസാം

സമ്പാദിച്ച് കൂട്ടിയ ധനത്തെ ശരിയാംവണ്ണം ചെലവഴിക്കുന്നതിലൂടെ സംരക്ഷിക്കാം, അത് പോലെ തടാകത്തിലെ ശുദ്ധജലത്തെ അകത്തേക്കും പുറത്തേക്കും ഒഴുക്കി സം‌രക്ഷിക്കുക.

സ്വര്‍ഗ്ഗസ്ഥിതാനാം ഇഹ ജീവലോകേ
ചത്വാരി ചിഹ്നാനി വസന്തി ദേഹേ
ദാനപ്രസംഗോ മധുരാ ച വാണി
ദേവാ/ര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച

ഭൂമിയില്‍ സ്വര്‍ഗ്ഗീയസുഖമനുഭവിക്കുന്നവര്‍ക്ക് പൊതുവില്‍ നാലു ഗുണങ്ങള്‍ കാണാം- അവര്‍ ദാനശീലരാണ്, മാധുര്യത്തോടെ സംസാരിക്കുന്നവരാണ്, നിത്യവും ദേവപൂജ ചെയ്യുന്നവരാണ്, ബ്രാഹ്മണരെ സല്‍ക്കരിക്കുന്നവരാണ്.

ഗമ്യതേ യതി മൃഗേന്ദ്ര മന്ദിരം
ലഭ്യതേ കരികപോലെ മൌക്തികം
ജംബുകാ//ലയഗതേ ച പ്രാപ്യതേ
വത്സ-പുച്ഛ-ഖര-ചര്‍മ്മ-ഖണ്ഡനം

സിംഹത്തിന്റെ ഗുഹയില്‍ നിന്നും ചിലപ്പോള്‍ മണിമുത്തുകള്‍ ലഭിച്ചേക്കാം. പക്ഷെ കുറുക്കന്റെ ഗുഹയില്‍ നിന്ന് വാലിന്റെ, രോമത്തിന്റെ, എല്ലിന്റെ, നഖത്തിന്റെ കഷണങ്ങളേ ലഭിക്കുകയുള്ളൂ.

14 comments:

ചാണക്യന്‍ said...

സ്വര്‍ഗ്ഗസ്ഥിതാനാം ഇഹ ജീവലോകേ
ചത്വാരി ചിഹ്നാനി വസന്തി ദേഹേ
ദാനപ്രസംഗോ മധുരാ ച വാണി
ദേവാ/ര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച..

അനില്‍@ബ്ലോഗ് // anil said...

"അധികരിച്ച പണമോ ധനമോ മനസമാധാനം തരില്ല, ഏതവസ്ഥയേയും തുല്യമായി കാണാനുള്ള മാനസികാവസ്ഥയാണ് സമാധാനം."

എത്ര സത്യമായ ശ്ലൊകം.മനഃസമാധാനം തേടി ആളുകള്‍ എവിടെയെല്ലാം അലയുന്നു !!!


പിന്നെ ബ്രഹ്മണര്‍ക്കുള്ള അരി ഏതുഗ്രന്ധത്തിലും ഉണ്ടായിരിക്കും അല്ലെ ചാണക്യന്‍?

കാപ്പിലാന്‍ said...

എന്തൊരു സംസ്കൃത പണ്ഡിതനാണി ചാണക്യന്‍ എന്ന ബ്ലോഗര്‍ .നിങ്ങളെ സമ്മതിച്ചിരിക്കുന്നു .അതെ ആദ്യം പറഞ്ഞ കാര്യം അതായത് ധന നഷ്ടം ,മുറിവ് എന്നിവ പുറത്തു പറയുന്നവന്‍ ബുദ്ധി ശൂന്യന്‍ എന്ന് പറയാന്‍ കാരണം എന്താണ് ?

Soha Shameel said...

അര്‍ഥ നാശം
അര്‍ഥ ശാസ്‌ത്രം.

നോട്ട് അര്‍ത്ഥം

അരുണ്‍ കരിമുട്ടം said...

എവിടുന്നാ ഈ പാണ്ഡിത്യം?
ചാണക്യസൂത്രത്തിലൂടെയുള്ള ആഖ്യാനങ്ങള്‍ക്ക് നന്ദി.

ചാണക്യന്‍ said...

ഇന്‍ഡ്യാഹെരിറ്റേജ്,
ഈ പോസ്റ്റുമായി താദാത്മ്യമുള്ള താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കാതിരിക്കാന്‍ സദയം അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു പരസ്യ ബ്ലോഗല്ല.
ആയതിനാല്‍ താങ്കളൂടെ പോസ്റ്റിന്റെ ലിങ്ക് അടങ്ങിയ കമന്റ് ഞാന്‍ മായിക്കുന്നു.

ചാണക്യന്‍ said...

കാപ്പിലാന്‍,
‘ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിനെ കുറിച്ചുള്ള അപഖ്യാതി, തനിക്ക് സംഭവിച്ച വഞ്ചനയുടെ കഥ- ഇത്രയും കാര്യങ്ങള്‍ ബുദ്ധിമാന്‍ ഒരിക്കലും വെളിപ്പെടുത്തരുത്.‘
ബുദ്ധിയുള്ള ഒരുവനും തനിക്ക് അശുഭകരമായ കാര്യങ്ങള്‍ ജനമധ്യത്തില്‍ വിളമ്പാറില്ല. ഏതെങ്കിലും പ്രത്യേകസാഹചര്യത്തില്‍ ധനം നഷ്ടമായി എന്നിരിക്കട്ടെ, അതവന്റെ കഴിവു കേടായേ സമൂഹം അതിനെ വിലയിരുത്തൂ. കയ്യിലുണ്ടായിരുന്നത് നശിപ്പിച്ച ഒരുവന്‍ അത്യാവശ്യമായി സാമ്പത്തിക സഹായത്തിന് ആരെയെങ്കിലും സമീപിച്ചാല്‍ മുന്‍‌ചരിത്രം അറിയുന്നവര്‍ സാമ്പത്തികമായി സഹായിക്കാന്‍ മടിക്കും; അതിനാല്‍ കാശ് പത്ത് പോയാലും ഒന്നും സംഭവിച്ചിട്ടില്ലാ എന്ന മട്ടില്‍ ഇരു ചെവി അറിയാതെ സംഭവം രഹസ്യമാക്കുക.
താങ്കളെ അതിയായി മുറിവേല്‍പ്പിച്ച ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായി എന്നിരിക്കട്ടെ, അതെ കുറിച്ച് താങ്കള്‍ തന്നെ സംസാരിച്ച് നടക്കുന്നത് സമൂഹത്തില്‍ താങ്കളുടെ മതിപ്പ് കുറക്കാനെ കാരണമാകൂ. താങ്കള്‍ക്ക് കാര്യ ഗൌരവമില്ലെന്നും, സംഭവിച്ചതിനെക്കുറിച്ച് ദു:ഖിച്ച് വ്യാകുലപ്പെടുന്ന ഒരു നിസാരനാണെന്നും ആള്‍ക്കാര്‍ കരുതി തുടങ്ങിയാല്‍ കാപ്പിലാനെന്ന ആ പേരിന് പിന്നെ എന്തര്‍ത്ഥമാണുള്ളത്.
ഇനി നാമറിയാതെതന്നെ നമ്മുടെ കുടുംബത്തെ ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകള്‍ കലര്‍ന്ന അപവാദങ്ങള്‍ ഉണ്ടായേക്കാം, അവയെ നാം തന്നെ വീണ്ടും പറഞ്ഞു നടന്നാല്‍ അപവാദം പറഞ്ഞു പരത്തിയവരും നാമും തമ്മില്‍ എന്താണ് വ്യത്യാസം- ആയതിനാല്‍ അക്കാര്യവും രഹസ്യമാക്കണമെന്നതാണ് ചാണക്യമതം.
ഇനി താങ്കള്‍ ഭയങ്കരമായി വഞ്ചിക്കപ്പെട്ട സംഭവം ഉണ്ടായി എന്നിരിക്കട്ടെ. താങ്കളുടെ നോട്ടപ്പിശകുമൂലം ഉണ്ടായ ആ സംഭവത്തെ ശത്രുക്കള്‍ വേണ്ട വിധം ദുരുപയോഗപ്പെടുത്തില്ല എന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ? കാപ്പിലാനെ ഇങ്ങനെ എളുപ്പത്തില്‍ വഞ്ചിക്കാം എന്ന് കാപ്പിലാന്‍ തന്നെ പറഞ്ഞു നടന്നാല്‍ പിന്നത്തെ കഥ പറയണോ? ആയതിനാല്‍ വഞ്ചനയുടെ കഥ രഹസ്യമാക്കുക.. അത് ശത്രുക്കള്‍ക്ക് ഉപകരിക്കാതിരിക്കട്ടെ.
മേല്‍പ്പറഞ്ഞ രഹസ്യങ്ങള്‍ പറഞ്ഞുനടക്കുന്ന ഒരുവനെ സമൂഹം സഹതാപത്തോടെയേ വീക്ഷിക്കൂ, എന്നിട്ട് താങ്കളുടെ ശ്രദ്ധക്കുറവില്ലായ്മ‌യേയും ബുദ്ധിശൂന്യതയേയും കുറ്റം പറയുകയും ചെയ്യും-
ഇതാണ് കാപ്പിലാന്‍ അന്വേഷിച്ച ചാണക്യസൂത്രത്തിന് ഞാന്‍ കണ്ട വ്യാഖ്യാനം.

കാപ്പിലാന്‍ said...

വളരെ സന്തോഷം ഉണ്ട് ഈ വക കാര്യങ്ങള്‍ പറഞ്ഞു തന്നതില്‍ .

കുറുമാന്‍ said...

ചാണക്യാ........പരിപാടി നല്ലത് തന്നെ..
പക്ഷെ മൊത്തമായി ഒരു ഗ്രന്ധത്തില്‍ നിന്ന് അടര്‍ത്തി എഴുതുമ്പോള്‍ റെഫറന്‍സുകൂടി നല്‍കിയാല്‍ നന്നായിരുന്നു. ഇനി അതല്ല, ഇതേതെന്ന് കൂടി അറിയണമെങ്കില്‍ ഇലന്തൂര്‍ ഗുരുക്കള്‍ ഉമേഷ്ജീ നാട്ടീലാണെങ്കിലും വേറെയും ആളുകള്‍ ഇവിടെ ഉണ്ട്. 6 വര്‍ഷം സംസ്കൃതം പഠിച്ചിട്ടുമുണ്ട് ഈയുള്ളവന്‍.

ചാണക്യന്‍ said...

കുറുമാന്‍,
ഒന്നാം അദ്ധ്യായത്തിലെ ആമുഖ കുറിപ്പ് വായിച്ചു നോക്കുക. താങ്കള്‍ അന്വേഷിച്ചത് അവിടെ ഉണ്ട്!

കുറുമാന്‍ said...

ചാണക്യാ, ഒന്നാം അധ്യായത്തിലെ ആമുഖ കുറിപ്പ് വായിച്ചു. നന്ദി.

തെറ്റിദ്ധരിച്ചതിന് ക്ഷമ ചോദിക്കുന്നു.

PIN said...

ജനോപകാരപ്രദമായ പോസ്റ്റ്‌..
ആശംസകൾ...

Kesavan Nambisan said...

ഹരിഓം,വന്ദനം🙏 വിവരണങ്ങൾക്കും മറ്റും നന്ദി

ഉണ്ണികൃഷ്ണൻ വളയംകുന്നത്ത് said...

ഉപകാരപ്രദം, നന്ദി