Monday, August 11, 2008

അദ്ധ്യായം 8

അധമാ ധനമിഛന്തി
ധനം മാനം ച മദ്ധ്യമ:
ഉത്തമാ മാനമിഛന്തി
മാനോ ഹി മഹതാം ധനം

ധനം മാത്രം കൊതിക്കുന്നവന്‍ അധമന്‍, അഭിമാനവും ധനവും കൊതിക്കുന്നവന്‍ മധ്യമന്‍, അഭിമാനത്തെ ധനമായി കരുതുന്നവന്‍ ഉത്തമന്‍.

ഇക്ഷുരാപ പയോമൂലം
താംബൂലം ഫലമൌഷധം
ഭക്ഷയിത്വ/പി കര്‍ത്തവ്യാ:
സ്നാനദാനാ//ദികാ: ക്രിയ:

ആദ്യം വിധിച്ചത് ജലപാനവും ഔഷധ സേവയുമാണെങ്കില്‍ അത് കഴിഞ്ഞിട്ട് മതി കുളിയും ജപവും

തൈലാ/ഭ്യംഗേ, ചിതാ ധൂമേ
മൈഥുനേ ക്ഷൌര കര്‍മ്മിണി
താവദ്ഭവതി ചണ്ഡാളോ
യാവത്‌സാനം ന ചാ//ചരേല്‍

എണ്ണതേച്ചതിനു ശേഷവും, ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷവും, സംഭോഗ ശേഷവും, ക്ഷൌര ശേഷവും അശുദ്ധിമാറാന്‍ കുളിയാണ് ഉത്തമം.

അജീര്‍ണ്ണേ ഭേഷജം വാരി
ജീര്‍ണ്ണേ വാരി ബലപ്രദം
ഭോജനേ ചാമൃതം വാരി
ഭോജനാന്തേ വിഷപ്രദം

അജീര്‍ണ്ണത്തിന് ജലം ഔഷധമാണ്, ദഹനക്ഷീണം മാറ്റാനും ജലം വേണം, ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്നത് അമൃതിനു തുല്യമാണ് എന്നാല്‍ ഭക്ഷണ ശേഷം ജലപാനം ചെയ്യുന്നത് വിഷ തുല്യമാണ്.

ഹതം ജ്ഞാനം ക്രിയാഹീനം
ഹതശ്ചാ/ജ്ഞാനതോ നര:
ഹതം നിര്‍നായകം സൈന്യം
സ്ത്രീയോ നഷ്ടാ ഹ്യഭര്‍ത്യക:

പ്രയോഗിക്കാത്ത വിദ്യ നിരര്‍ത്ഥകമാകമാണ്. ഉള്ള അറിവ് പ്രകടിപ്പിക്കാത്തവന്‍ ജീവിതം പാഴാക്കുകയാണ് ചെയ്യുന്നത്. സേനാനായകനില്ലാത്ത സൈന്യം ഉപയോഗശൂന്യമാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യയും വ്യര്‍ത്ഥയായിത്തീരുന്നു.

ബുദ്ധകാലേ മൃതഭാര്യാ
ബന്ധു ഹസ്തേ ഗതം ധനം
ഭോജനം ച പരാധീനം
ത്രിസ പുംസാം വിഡം‌ബതാ:

യൌവ്വനകാലത്ത് ഭാര്യയെ നഷ്ടപ്പെടുമ്പോഴും, സമ്പത്ത് ബന്ധുക്കള്‍ കയ്യടക്കുമ്പോഴും, ആഹാരത്തിന് അന്യനെ ആശ്രയിക്കേണ്ടി വരുമ്പോഴും നമ്മുടെ പുരുഷത്വം വൃഥാവിലാവുന്നു.

നാഗ്നി ഹോത്രം വിനാ വേദം
ന ച ദാനം വിനാ ക്രിയാ
ന ഭാവേന വിനാ സിദ്ധി
സ്തസ്‌മാദ് ഭാവോ ഹി കാരണം

യജ്ഞം കൂടാതെയുള്ള വേദപഠനം, ദാനം കൂടാത്ത യജ്ഞം, സിദ്ധി കൂടാത്ത പൂജ ഇവയൊന്നും ഫലം ചെയ്യില്ല. ഈ മൂന്ന് കര്‍മ്മങ്ങളുടെയും അടിസ്ഥാനം മനസ്സാണ്.

കാഷ്ഠ പാഷാണ ധാതുനാം
കൃത്വാ ഭാവേന സേവനം
ശ്രദ്ധയാ ച തയാ സിദ്ധ-
സ്തസ്യ വിഷ്ണു: പ്രസീദതി

വിഗ്രഹം ശിലയോ, ലോഹമോ, മരമോ ആയിരിക്കട്ടെ; അതില്‍ ഈശ്വരസാന്നിധ്യം ഉണ്ട് എന്ന വിശ്വാസമാണ് പ്രധാനം. വിശ്വാസത്തിന്റെ തീവ്രതയാണ് അനുഗ്രഹത്തിന്റെ അളവുകോല്‍.

ന ദേവോ വിദ്യതേ കാഷ്ഠേ
ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവ
സ്തസ്‌മാല്‍ ഭാവോഹി കാരണം

വിഗ്രഹം കല്ലായാലും മരമായാലും അതില്‍ ദൈവം സ്ഥിതിചെയ്യുന്നില്ല. ദൈവം കുടികൊള്ളുന്നത് നമ്മുടെ മനസ്സിലാണ്. ഈ ധാരണയില്‍ ഉപാസിച്ചാലേ ഫലമുണ്ടാവൂ, എവിടെയാണോ ഭക്തിയും വിശ്വാസവും നിറഞ്ഞു നില്‍ക്കുന്നത് അവിടെ വിളിക്കാതെ തന്നെ ദൈവം എത്തിച്ചേരും.

ശാന്തി തുല്യം തപോനാസ്തി
ന സന്തോഷാല്‍ പരം സുഖം
ന തൃഷ്ണയാ:പരോ വ്യാധിര്‍
ന ച ധര്‍മ്മേ ദയാ പര:

ശാന്തി ഏറ്റവും വലിയ അനുഗ്രഹമാണ്. സംതൃപ്തി ഏറ്റവും വലിയ ആനന്ദമാണ്. ദുരാഗ്രഹം ഏറ്റവും വലിയ രോഗമാണ്. അനുകമ്പയേക്കാള്‍ വലിയ മതമില്ല.

ക്രോധോ വൈവസ്വതോ രാജാ
തൃഷ്ണാ വൈതരണിനദി
വിദ്യാ കാമദ്രുധാ ധേനു:
സന്തോഷോ നന്ദനം വനം

വികാരങ്ങളില്‍ ഏറ്റവും ശക്തമായത് കോപമാണ്. അത്യാഗ്രഹം തരണം ചെയ്യാന്‍ കഴിയാത്ത നദിയാണ്. എന്തും സാധിച്ചു തരുന്ന കാമധേനുവാണ് വിദ്യ. വനമേഖല അത്യാഹ്ലാദം തരുന്നതുമാണ്.

ഗുണോ ഭൂഷയതേ രൂപം
ശീലം ഭൂഷയതേ കുലം
സിദ്ധിര്‍ ഭൂഷയതേ വിദ്യാം
ഭോഗോ ഭൂഷയതേ ധനം

സൌന്ദര്യം ശോഭിക്കുന്നത് ഗുണത്തോടുകൂടിയാണ്, കുടുംബ മഹിമ ഖ്യാതിയാര്‍ജ്ജിക്കുന്നത് സ്വഭാവം വിവരിച്ചിട്ടാണ്, വിദ്യാഭ്യാസം അംഗീകരിക്കപ്പെടുന്നത് പ്രകടിപ്പിക്കുമ്പോഴാണ്, ധനം അംഗീകരിക്കപ്പെടുന്നത് സുഖഭോഗങ്ങളെക്കൊണ്ടാണ്.

നിര്‍ഗുണസ്യ ഹതം രൂപം
ദു:ശീലസ്യ ഹതം കുലം
അസിദ്ധസ്യ ഹതാ വിദ്യാ
അഭോഗേന ഹതം ധനം

സുന്ദരനാണെങ്കിലും സാമര്‍ത്ഥ്യമില്ലെങ്കില്‍ വിലയുണ്ടാവില്ല. ദു:സ്വഭാവികള്‍ വംശത്തിന് നാണക്കേടാണ്. വിദ്യ പ്രയോഗിക്കാത്ത പണ്ഡിതന്‍ അപഹാസ്യനാണ്. ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത പണം നിരര്‍ത്ഥകമാണ്.

ശുചിര്‍ ഭൂമിഗതം തോയം
ശുദ്ധാ നാരി പതിവ്രതാ
രുചി:ക്ഷേമകരോ രാജാ

ഭൂഗര്‍ഭജലം പരിശുദ്ധമാണ്, പതിവ്രതയായ ഭാര്യ പുകഴ്ത്തപ്പെടുന്നു, പ്രജാക്ഷേമതല്‍‌പരനായ രാജാവ് പ്രകീര്‍ത്തിക്കപ്പെടുന്നു, സന്തുഷ്ടനായ ബ്രാഹ്മണന്‍ പൂജിക്കപ്പെടുന്നു.

അസന്തുഷ്ടാ ദ്വിജാ നഷ്ടാ:
സന്തുഷ്ടാശ്ച മഹീഭൃത:
സലജ്ജാ ഗണികാ നഷ്ടാ
നിര്‍ലജ്ജാശ്ച കുലാംഗനാ:

അസന്തുഷ്ടനായ ബ്രാഹ്മണനും, സന്തുഷ്ടനായ രാജാവും, ലജ്ജയുള്ള വേശ്യയും, ലജ്ജയില്ലാത്ത ഗൃഹനായികയും സ്വയം നശിക്കുന്നു.

5 comments:

ചാണക്യന്‍ said...

‘അസന്തുഷ്ടനായ ബ്രാഹ്മണനും, സന്തുഷ്ടനായ രാജാവും, ലജ്ജയുള്ള വേശ്യയും, ലജ്ജയില്ലാത്ത ഗൃഹനായികയും സ്വയം നശിക്കുന്നു.....’

അനില്‍@ബ്ലോഗ് // anil said...

“എന്നാല്‍ ഭക്ഷണ ശേഷം ജലപാനം ചെയ്യുന്നത് വിഷ തുല്യമാണ്.“

ഇങ്ങിനെ തന്നെയാണോ ഉദ്ദേശിക്കുന്നതു? ശാത്രീയമായി അതു തെറ്റാണു.ഇത്തരം തെറ്റുകള്‍ ചാണക്യസൂത്രത്തില്‍ ഉണ്ടാവില്ലെന്നാണു എന്റെ ധാരണ.

ചാണക്യന്‍ said...

അനില്‍@ബ്ലോഗ്,
ഭക്ഷണശേഷം ജലപാനം ചെയ്യുന്നത് വിഷതുല്യമാണെന്ന് തന്നെയാണ് ചാണക്യന്‍ അഭിപ്രായപ്പെടുന്നത്. ഭക്ഷണം കഴിഞ്ഞ ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുമെന്നാണ് കരുതുന്നത്. വെള്ളം കുടിക്കുമ്പോള്‍ ദഹനരസങ്ങളുടെ ഗാഢതയെ കുറയ്ക്കുമെന്നും അങ്ങനെ ശരിയായ ദഹനം നടക്കില്ലാ എന്നുമാണ് വിവക്ഷിക്കുന്നത്.

ഈ അഭിപ്രായം ശരിയെന്നും തെറ്റെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ചാണക്യസൂത്രങ്ങളില്‍ തെറ്റുകള്‍ ഇല്ല എന്ന് പറയാന്‍ സാധിക്കില്ല. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ചില അബദ്ധങ്ങളും സൂത്രങ്ങള്‍ക്കിടയില്‍ കടന്നു കൂടിയിട്ടുണ്ട്.

കാപ്പിലാന്‍ said...

സുന്ദരനാണെങ്കിലും സാമര്‍ത്ഥ്യമില്ലെങ്കില്‍ വിലയുണ്ടാവില്ല. ദു:സ്വഭാവികള്‍ വംശത്തിന് നാണക്കേടാണ്. വിദ്യ പ്രയോഗിക്കാത്ത പണ്ഡിതന്‍ അപഹാസ്യനാണ്. ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത പണം നിരര്‍ത്ഥകമാണ്.

Good

PIN said...

very good...
keep it up...