Monday, January 5, 2009

അദ്ധ്യായം 16

ഗുണൈരുത്തമതാം യാതി
നോച്ചൈരാസന്ന സംസ്ഥിതാ:
പ്രാസാദശിഖരസ്യോ/പി
കക കിം ഗരുഡായതേ

ഏണിയില്‍ കയറി മറ്റുള്ളവരില്‍ നിന്നും ഉയരത്തിലാവുന്നതിനേക്കാള്‍ ഉത്തമം സദ് പ്രവൃത്തികള്‍ ചെയ്ത് പൊതുജനമദ്ധ്യത്തില്‍ ബഹുമാന്യനും ആരാധിക്കപ്പെടുന്നവനുമാവുകയാണ്. കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ കയറി ഇരുന്നതുകൊണ്ട് കാക്ക, ഗരുഡനാവില്ല. സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര്‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല. അച്ഛന്റെ തോളിലിരിന്നിട്ട് കുഞ്ഞ്, ഞാന്‍ മുത്തച്ചനാണ് എന്ന് അഹങ്കരിക്കുന്നതും താഴികക്കുടത്തിലെ കാക്കക്ക് സമമാണ്. ഇന്‍ഡ്യാ പൈതൃക വക്താവാകാന്‍ വേണ്ടത് മുന്‍‌ജന്മ പുണ്യമല്ല മറിച്ച് പ്രായം സമ്മാനിക്കുന്ന അറിവാണ്.....വാക്കില്‍ പൈതൃകം അവകാശപ്പെടുന്നവര്‍ താഴികക്കുടത്തിലെ കാക്കയാണ്......

യോ മോഹാന്മന്യതേ മൂഢോ
രക്തേയം മയികാമിനി
സ തസ്യ വശഗോ ഭൂത്വാ
നൃത്ത്യേല്‍ ക്രീഡാ ശകുന്തവല്‍

വേശ്യ, തന്നെ മാത്രം സ്നേഹിക്കുന്നു എന്ന് കരുതുന്ന വിഡ്ഡി അവളുടെ കയ്യിലെ കളിപ്പാട്ടമാണ്.

ഗുണാ: സര്‍വ്വത്ര പൂജ്യന്തേ
ന മഹത്യോ/പി സമ്പദ:
പൂര്‍ ണ്ണേന്ദു കിം തഥാ വന്ദ്യോ
നിഷകളങ്കോ യഥാ കൃശ:

പണക്കാരനാണെന്ന കാരണത്താല്‍ നിര്‍ഗുണനെ ആരും പൂജിക്കുകയില്ല, പൂര്‍ണ്ണ ചന്ദ്രനേക്കാള്‍ ആരാധിക്കപ്പെടുന്നത് ചന്ദ്രക്കലയാണ്.

പരപ്രോക്ത ഗുണോ യസ്തു
നിര്‍ഗ്ഗുണോ/പി ഗുണി ഭവേല്‍
ഇന്ദ്രോ/പി ലഘുതാം യാതി
സ്വയം പ്രഖ്യാപിതൈര്‍ ഗുണൈ:

ആത്മപ്രശംസ അത്യന്തം നിന്ദ്യമാണ്..സ്വന്തം ഗുണങ്ങള്‍ സ്വയം വിളിച്ച് കൂവുന്നത് ആത്മഹത്യക്ക് തുല്യമാണ്. പ്രശംസ മറ്റുള്ളവരാല്‍ ഉണ്ടാവേണ്ടതാണ്. ചാണക്യന്‍ വലിയൊരു പാഠമാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. ഞാന്‍ അതാണ് ഇതാണ് എന്ന് സ്വയം വിളിച്ച് കൂവുകയല്ല വേണ്ടത്. മറ്റുള്ളവര്‍ പ്രശംസിക്കുമ്പോഴാണ് വ്യക്തി പൂര്‍ണ്ണനാവുന്നത്(പുറം ചൊറിയലല്ല) ഞാന്‍ ഒരു പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ സംസ്കാരത്തിന്റെ അല്ലെങ്കില്‍ പൈതൃകത്തിന്റെ ആളാണെന്ന് സ്വയം വിളിച്ച് കൂവുന്നത് അത്യന്തം നിന്ദ്യമാണ്. ഞാനീ ഭയങ്കര സംഭവത്തിന്റെ വക്താവായത് മുജന്മ പുണ്യം കൊണ്ടാണെന്ന് വിളിച്ച് കൂവുന്നത് അതി വിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ സീല്‍ക്കാരമാണ്. മൂര്‍ഖന് വിഷമുണ്ടെന്ന കാര്യം മൂര്‍ഖന്‍ സ്വയം വിളിച്ച് കൂവേണ്ട കാര്യമുണ്ടോ?

വിവേകിനാമനുപ്രാപ്തേ
ഗുണാ യാന്തി മനോജ്ഞതാം
സുതരാം രത്നമാഭാതി
ചാമികരനിയോജിതം

ഗുണവിശേഷങ്ങള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് മിഴിവേറ്റുന്നു, സ്വര്‍ണ്ണത്തില്‍ പതിച്ച രത്നം പോലെ.... നല്ല ഗുണങ്ങളുടെ ആകെ തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം എന്ന് പറയുന്നത്. നിരവധി ഗുണങ്ങള്‍ക്കിടയില്‍ ഒരു ചീത്ത ഗുണം മതിയാവും ആ വ്യക്തിത്വത്തെ ഹനിക്കാന്‍. പണ്ഡിതനാണ്, പ്രായം കൂടുതലുണ്ടെങ്കിലും സൌന്ദര്യമുണ്ട് ആരോഗ്യമുണ്ട്, യേശുദാസിനെ പോലെ പാടിയില്ലേലും പാടാനുള്ള കഴിവുണ്ട്,ത്രിദോഷങ്ങള്‍ക്കുള്ള ഒറ്റമൂലിയുണ്ട് അങ്ങനെയങ്ങനെ നിരവധി ഗുണങ്ങളുണ്ടെങ്കിലും അഹങ്കാരമുണ്ടെങ്കില്‍ മറ്റ് ഗുണങ്ങള്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമോ? നാക്കിലയില്‍ നൂറ്റൊന്ന് കൂട്ടം കറി വിളമ്പിയശേഷം ഒരറ്റത്ത് അല്പം അമേദ്യം കൂടി വിളമ്പിയാല്‍ ആ സദ്യ എങ്ങനെയിരിക്കും..?

പ്രിയവാക്യ പ്രദാനേന
സര്‍വ്വേ തുഷ്യന്തി ജന്തവ:
തസ്മാദ് തദേവ വക്തവ്യം
വചനേ കാ ദരിദ്രതാ

ഇഷ്ടപ്പെട്ട സംഭാഷണം ആരേയും വശീകരിക്കും, സത്യമിതായിരിക്കെ എന്തിനാണ് വാക്കില്‍ പിശുക്ക് കാണിക്കുന്നത്..

ധനേഷു ജീവിതവ്യേഷു
സ്ത്രീഷു ചാഹാര കര്‍മ്മസു
അതൃപ്താ: പ്രാണിന: സര്‍വ്വേ
യാതാ യാസ്യന്തി യാന്തി ച

പൂര്‍ണ്ണ സംതൃപ്തി ലോകത്തിലാര്‍ക്കും ലഭിക്കില്ല. പണം പോര, സുഖങ്ങള്‍ പോര, സ്ത്രീ സുഖം പോര, ഭക്ഷ്യവസ്തുക്കള്‍ പോര എന്നൊക്കെ അവര്‍ ചിന്തിക്കുന്നു.....കിട്ടുന്തോറും കൂടുതല്‍ വേണമെന്ന് തോന്നും....ജീവിതമെന്നത് പ്രാകൃതമായ വിശപ്പും ദാഹവുമാണ്....

ക്ഷീയന്തേ സര്‍വ്വ ദാനാനി
യജ്ഞഹോമ ബലിക്രിയ:
ന ക്ഷിയതേ പാത്രദാനം
അഭയം സര്‍വ്വ ദേഹിനാം

യജ്ഞം, ഹോമം, ബലി എന്നിവയിലൂടെ നമുക്ക് നേടാന്‍ കഴിയുന്ന പുണ്യം വളരെക്കുറച്ച് മാത്രമാണ്. അത് കാലക്രമേണ ക്ഷയിക്കാനും ഇടയുണ്ട്. എന്നാല്‍ സാധു ജനങ്ങളെ തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമുള്ളത് നല്‍കി, അവര്‍ക്ക് അഭയം കൊടുത്താല്‍ ലഭിക്കുന്ന പുണ്യം ഒരിക്കലും ക്ഷയിക്കില്ല.

പുസ്തകേഷു ച യാ വിദ്യ
പരഹസ്തേഷു യ ധനം
ഉല്പന്നേഷ ഉ ച കാര്യേഷു
നസാ വിദ്യാ ന തദ്ധനം

ഗ്രന്ഥത്തിലെ വിജ്ഞാനവും അന്യന്റെ പണപ്പെട്ടിയിലെ പണവും ഉപയോഗശൂന്യമാണ്. ആവശ്യം വരുമ്പോള്‍ രണ്ടും പ്രയോജനപ്പെടില്ല. ഗ്രന്ഥത്തിലെ അറിവുകള്‍ നാമെത്ര ഹൃദിസ്ഥമാക്കിയിരുന്നാലും ചില അവസരങ്ങളില്‍ അത് ഓര്‍മ്മിക്കാന്‍ കഴിയില്ല, അതു പോലെ നമുക്ക് പണത്തിന് ആവശ്യമുണ്ടെന്ന് വച്ച് അന്യന്റെ ധനം നമുക്ക് ഉപകരിക്കില്ല.

കാവ്യശാസ്ത്ര വിനോദേന
കാലോ ഗച്ഛതി ധീമതാം
വ്യസനേന ച മൂര്‍ഖാണാം
നിദ്രയാ കലഹേന വ

ബുദ്ധിമാന്മാര്‍ കാവ്യശാസ്ത്ര വിനോദങ്ങളില്‍ കൂടി ദിവസം കഴിക്കുന്നു, മൂര്‍ഖന്മാര്‍ ഉറങ്ങിയും വഴക്കിട്ടും സ്വയം നശിക്കുന്നു.

ഗുണൈ: സര്‍വ്വജ്ഞ തുല്യോ/പി
സീദത്യേഗോ നിരാശ്രയ:
അനര്‍ഘ്യമപി മാണിക്യം
ഹേമാശ്രയം അപേക്ഷതേ

വിദ്വാന്മാര്‍ തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമ്പന്നന്മാരെ തേടി പോവുന്നു, എങ്ങനെയെന്നാല്‍ വിലകൂടിയ രത്നം തന്നാല്‍ അലങ്കരിക്കപ്പെടേണ്ട സ്വര്‍ണ്ണഹാരത്തെ തിരയുന്നതുപോലെ.

വരം പ്രാണ പരിത്യാഗോ
മാനഭംഗേന ജീവനാല്‍
പ്രാണത്യാഗോ ക്ഷണം ദു:ഖം
മാനഭംഗേ ദിനേ ദിനേ

അപമാനിക്കപെട്ട ജീവിതത്തിനേക്കാള്‍ അവസാനിപ്പിക്കപ്പെട്ട ജീവിതമാണ് നല്ലത്. ആദ്യത്തേത് മരിച്ചു കൊണ്ട് ജീവിക്കുന്നു. രണ്ടാമത്തേതില്‍ ജീവിച്ചിട്ട് മരിക്കുന്നു....