Sunday, November 2, 2008

അദ്ധ്യായം 13

മുഹൂര്‍ത്തമപിജീവേച്ച
നര:ശുക്ലേന കര്‍മ്മണാ
ന കല്പമപി കഷ്ടേന
ലോകദ്വയ വിരോധിനാ

ഏറ്റവും കുറഞ്ഞ സമയം മാത്രമേ ജീവിച്ചിരിക്കിലും നന്മ ചെയ്യുക, ആയിരം കൊല്ലം ജീവിച്ചിരിക്കുകയാണെങ്കില്‍ അത്രയും കാലം പാപം ചെയ്ത് ജീവിക്കരുത്.

ഗതേശോകോ നകര്‍ത്തവ്യോ
ഭവിഷ്യം നൈവ ചിന്തയേല്‍
വര്‍ത്തമാനേന കലേന
പ്രവര്‍ത്തന്തേവിചക്ഷണ:

കഴിഞ്ഞതു കഴിഞ്ഞു അതേകുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടരുത്, വരാന്‍ പോകുന്ന കാര്യത്തെകുറിച്ച് അറിയില്ല അതിനാല്‍ ഭാവിയെകുറിച്ച് ഓര്‍ത്തും വേവലാതി വേണ്ട.

സ്വഭാവേന ഹി തുഷ്യന്തി
ദേവാ സത്‌പുരുഷാ: പിതാ
ജ്ഞാതയാ സ്നാന പാനാഭ്യാം
വാക്യദാനേന പണ്ഡിതാ:

ദേവന്‍‌മാരും സജ്ജനങ്ങളും മാതാപിതാക്കളും നല്ല പെരുമാറ്റത്തില്‍ സന്തോഷിക്കുന്നു. ബന്ധുക്കള്‍ നല്ല ഭക്ഷണത്താലും പണ്ഡിതന്‍‌മാര്‍ നല്ല സംസര്‍ഗം കൊണ്ടും തൃപ്തരാവുന്നു.

അഹോ ബത വിചിത്രാണി
ചരിതാനിമഹാ//ത്മനാം
ലക്ഷ്മിം തൃണായമന്യന്തേ
തദ്വാരേണനമന്തി ച

മഹാന്‍‌മാര്‍ ധനത്താല്‍ ആകര്‍ഷിക്കപ്പെടുന്നില്ല, മഹാലക്ഷ്മിയെ അവര്‍ തൃണത്തിന് സമമായാണ് കാണുന്നത്. പക്ഷെ പെട്ടെന്ന് ധനാഭിവൃദ്ധിയുണ്ടായാല്‍ അവര്‍ വിനയാന്വിതരാവും.

യസ്യസ്നേഹോ ഭയം തസ്യ
സ്നേഹോ ദു:ഖ്യസ്യ ഭാജനം
സ്നേഹമൂലാനി ദു:ഖാനി
താനിത്യക്ത്വാ വസേത്സുഖം:

ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള്‍ അത് നേടാനുള്ള മോഹം നമ്മുടെ ദൌര്‍ബല്യമായിത്തീരുന്നു. അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള്‍ നമ്മെ പിടികൂടുന്നു. ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴി.

അനാഗത വിധാതാ ച
പ്രത്യുല്പന്നമതി സ്തഥാ
ദ്വാവേതൌ സുഖമേധേതേ
യദഭവിഷ്യോ വിനശ്യതി

അപകട സന്ധികളില്‍ ആത്മധൈര്യം കൈവെടിയാതെ പ്രശ്നങ്ങളെ നേരിടാനും മന:സാന്നിദ്ധ്യം നഷ്ടപ്പെടാതെ ചിന്തിക്കാനും കഴിയുന്നവന്‍ രക്ഷപ്പെടുന്നു, പക്ഷെ എല്ലാം വിധിയെന്നോര്‍ത്ത് നിഷ്ക്രിയനായാല്‍ അവന്‍ നാശമടയും.

രാജ്ഞി ധര്‍മ്മിണി ധര്‍മ്മിഷ്ഠാ:
പാപേ പാപ: സമേ സമാ:
രാജാനമനുവല്‍‌ത്തന്തേ
യഥാരാജാ തഥാ പ്രജാ

രാജാവ് വിശാല ഹൃദയനും ധര്‍മ്മിഷ്ടനുമാണെങ്കില്‍ പ്രജകളും അതുപോലെയിരിക്കും. എന്നാല്‍ രാജാവ് ദുസ്വഭാവിയാണെങ്കില്‍ പ്രജകളും അങ്ങനെയാവുന്നു. രാജാവെങ്ങനെയോ പ്രജകളും അങ്ങനെതന്നെ.

ജീവന്തം മൃതവന്മന്യേ
ദേഹിനം ധര്‍മ്മ വര്‍ജ്ജിതം
മൃതോ ധര്‍മ്മേണ സംയുക്തോ
ദീര്‍ഘജീവി ന സംശയ:

ധര്‍മ്മമില്ലാത്തവന്‍ ജീവിച്ചിരിക്കിലും മരിച്ചതിനു തുല്യം, എന്നാല്‍ ധര്‍മ്മത്തെ സംരക്ഷിക്കുന്നവന് മരണമേയില്ല...

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം
യസൈയകോ/പി ന വിദ്യതേ
അജാഗളാസ്തനസ്യേവ
തസ്യ ജന്മ നിരര്‍ത്ഥകം

ധര്‍മ്മ ബോധമില്ലാത്തവന്‍, സമ്പത്ത് അനുഭവിക്കാത്തവന്‍, സ്നേഹിക്കാന്‍ കഴിയാത്തവന്‍, മോക്ഷം ആഗ്രഹിക്കാത്തവന്‍‌- ഇയാളുടെ ജീവിതം ആടിന്റെ കഴുത്തിലെ മുല പോലെ നിഷ്ഫലം.

ദഹ്യമാന: സുതീവ്രേണ നീചാ:
പര-യശോ/ഗ്നിനാ
അശക്താസ്തപ്തദം ഗന്തും
തതോ നിന്ദാം പ്രകുര്‍വ്വതേ

മഹാന്‍‌മാരുടെ നേട്ടങ്ങളെ നോക്കി അസൂയപ്പെടുന്നവന്‍ നികൃഷ്ടനാണ്, മഹാന്‍‌മാരെ പുച്ഛിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ഇവരുടെ നേട്ടം.

ഈപ്സിതം മനസ: സര്‍വ്വം
കസ്യ സമ്പദ്യതേ സുഖം
ദേവാ//യത്തം യത: സര്‍വ്വം
തസ്മാത്സന്തോഷമാശ്രയേല്‍

ആഗ്രഹങ്ങള്‍ക്ക് അന്ത്യമില്ല, എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ കഴിയില്ല, അതിരുകടന്ന ആഗ്രഹത്തെ നിയന്ത്രിക്കുക.

യഥാ ധേനു സഹസ്രേഷു
വത്സോ ഗച്ഛന്തി മാതരം
തഥാ യച്ച കൃതം കര്‍മ്മ
കര്‍ത്താരം അനുഗച്ചതി

മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലികള്‍ക്കിടയില്‍ നിന്ന് പശുക്കുട്ടി തെറ്റാതെ സ്വന്തം അമ്മയെ കണ്ടെത്തുന്നു. അതുപോലെ കര്‍മ്മഫലവും കര്‍മ്മിയെ പിന്തുടരും.

യഥാ ഖാത്വാ ഖനിത്രേണ
ഭൂതലേ വാരി വിന്ദതി
തഥാ ഗുരുഗതാം വിദ്വാം
ശുശ്രൂഷുരധിഗച്ഛതി

ഭൂമിയില്‍ ആഴം കൂടും‌ന്തോറും ജലം ലഭിക്കും, ഗുരുവില്‍ ഭക്തി കൂടും‌ന്തോറും കൂടുതല്‍ ജ്ഞാനം ലഭിക്കും