Tuesday, November 11, 2008

അദ്ധ്യായം 15

ഖലാനാം കണ്ടകാനാം ച
ദ്വിവിധൈവ പ്രതിക്രിയ
ഉപാനന്‍‌മുഖഭംഗോ വ
ദൂരതോ വ വിസര്‍ജ്ജനം

മുള്ളിനേയും മുള്ളിന്റെ സ്വഭാവമുള്ള മനുഷ്യരേയും ഒഴിവാക്കാന്‍; ഒന്നുകില്‍ ചെരുപ്പിനാല്‍ ചവിട്ടി അരയ്ക്കുക അല്ലെങ്കില്‍ വഴിമാറി പോവുക.

കുചൈലീനംദന്തലോപ സൃഷ്ടം
ബഹാശിനം നിഷ്ഠൂര ഭാഷിണം ച
സൂര്യോദയേ ച അസ്തമിതേ ശയാനം
വിമുഞ്ചതി ശ്രീര്യദി ചക്രപാണി:

വൃത്തിഹീനമായ വസ്ത്രങ്ങളും, നാറുന്ന വായും, മോശപ്പെട്ട വാക്കുകളും, വൈകി ഉണരലും കൂടി ചേര്‍ന്ന ഒരാളെ നന്നാക്കാന്‍ ഈശ്വരനു പോലും കഴിയില്ല.

ത്യജന്തി മിത്രാണി ധനൈര്‍ വിഹീനം
ദാരാശ്ച ഭൃത്യാശ്ച സുഹൃത്ജനാശ്ച
തം ചാര്‍ത്ഥവന്തം പുനരാശ്രയന്തേ
അര്‍ത്ഥാഹി ലോകേ പുരുഷസ്യ ബന്ധു

ഒരുവന്റെ ധനം നഷ്ടമായാല്‍ ഭാര്യ, സുഹൃത്ത്, ബന്ധു, ഭൃത്യന്‍ ഇവരേയും നഷ്ടമാവും. ധനം വീണ്ടെടുത്താല്‍ ഇവരെ വീണ്ടെടുക്കാം.

അന്യായോപാര്‍ജ്ജിതം ദ്രവ്യം
ദശ വര്‍ഷാണി തിഷ്ഠതി
പ്രാപ്തേചൈകാദശേ വര്‍ഷം
സമൂലം തദ് വിനശ്യതി

അഴിമതിയിലൂടെയും അക്രമത്തിലൂടെയും സമ്പാദിക്കുന്ന പണം അധികകാലം നിലനില്‍ക്കില്ല. ഏറിയാല്‍ പത്ത് കൊല്ലം, പതിനൊന്നാം കൊല്ലം ആ ധനം അയാളോടൊപ്പം നശിക്കും.

തദ്രോജനം യദ് ദ്വിജഭുക്തശേഷം
തത്സൌഹൃദം യത് ക്രിയതേ പരസ്മിന്‍
സാ പ്രാജ്ഞതാ യാ ന കരോതി പാപം
ദംഭം വിനാ യ: ക്രിയതേ സധര്‍മ്മ:

ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തെ ഉത്തമ ഭക്ഷണമായി കരുതണം, അപരിചതനോട് കാട്ടുന്ന അനുകമ്പയാണ് യഥാര്‍ത്ഥ സ്നേഹം, അഹങ്കാരമില്ലാതെ നടത്തുന്ന ഈശ്വരപൂജയാണ് യഥാര്‍ത്ഥ കര്‍മ്മം.

ദുരാഗതം പഥി ശ്രാന്തം
വൃഥാച ഗൃഹം ആഗതം
അനര്‍ച്ചയിത്വ യോ ഭുക്തേ
സ വൈ ചണ്ഡാള ഉച്ചതേ

ക്ഷീണിതനായ വഴിയാത്രക്കാരന്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി വീടുപടിക്കലെത്തുമ്പോള്‍ അയാളെ ഗൌനിക്കാതെ അകത്തിരുന്ന് സദ്യയുണ്ണുന്ന ഗൃഹനാഥന്‍ ചണ്ഡാളനാണ്.

പഠന്തി ചതുരോ വേദാന്‍
ധര്‍മ്മശാസ്ത്രാണ്യനേകശ:
ആത്മാനം നൈവ ജാനന്തി
ദര്‍വ്വീ പാകരസം യഥാ

വേദഗ്രന്ഥങ്ങള്‍ പഠിച്ചു കഴിഞ്ഞിട്ടും ഈശ്വരനെന്താണെന്ന് മനസിലാക്കാത്തവന്‍ വിഭവ സമൃദ്ധമായ സദ്യയുണ്ടിട്ടും സ്വാദറിയാത്ത കുട്ടിക്ക് സമനാണ്.

അലിരയം നളിനീദള മദ്ധ്യക:
കമലിനീ മകരന്തം മദാലസ:
വിധിവശാത്‌പരദേശമുപാഗത:
കുടജ പുഷ്പരസം ബഹുമാന്യതേ

സൌഭാഗ്യം നിറഞ്ഞ താമരപ്പൂവിലെ തേന്‍ മതിയാവാതെ വിദേശത്തേക്ക് തേനീച്ചകള്‍ തേനന്വേഷിച്ചു പോകുന്നു, അവിടെ എത്തുമ്പോഴാണ് അറിയുന്നത് അവിടുത്തെ പൂവിന്റെ കൂടെ മുള്ളുണ്ടെന്ന കാര്യം.

ഛിന്നോ/പി ചന്ദന തരുര്‍ണ ജഹാതി ഗന്ധം
വൃദ്ധോ/പി വാരണപതിര്‍ ന ജഹാതി ലീലാം
യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു:
ക്ഷീണോ/പി ന ത്യജതി ശീലഗുണാന്‍ കുലീന:

കഷണങ്ങളാക്കി മുറിച്ചാലും ചന്ദനത്തിന്റെ സുഗന്ധം മാറില്ല, എത്ര വൃദ്ധനായാലും കൊമ്പനാന ഇണചേരുന്നു, എത്ര ചതച്ചാലും ചൂരലിന് ബലക്ഷയം സംഭവിക്കില്ല, ഇതു പോലെ എത്ര ദാരിദ്ര്യമുണ്ടായാലും തറവാടികള്‍ അഭിമാനം കൈവെടിയില്ല.

Thursday, November 6, 2008

അദ്ധ്യായം 14

പൃഥിവ്യാം ത്രിണി രത്നാനി
ജലം, അന്നം, സുഭാഷിതം
മൂഢൈ: പാഷാണഖണ്ഡേഷു
രത്നസംജ്ഞാ വിധീയതേ

ഭൂമിയില്‍ വിലമതിക്കാനാവാത്ത മൂന്നു രത്നങ്ങളുണ്ട്; ജലം, ആഹാരം, സുഭാഷിതം എന്നിവയാണ് ആ രത്നങ്ങള്‍. എന്നാല്‍ വിഡ്ഢികള്‍ കല്ലിന്‍‌കഷണങ്ങളെ രത്നങ്ങളായി തെറ്റിദ്ധരിക്കുന്നു.

ആത്മാ/പരാധ വൃക്ഷസ്യ
ഫലാന്യേതാനി ദേഹീനാം
ദാരിദ്ര്യരോഗ ദു:ഖാനി:
ബന്ധന വ്യസനാനി ച

ദാരിദ്ര്യം, രോഗം, കലഹം, ദു:ഖം, ബന്ധനങ്ങള്‍- ഇവ മനുഷ്യന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലമാണ്.

പുനര്‍വിത്തം പുനര്‍ മിത്രം
പുനര്‍ഭാര്യ പുനര്‍മഹി
ഏതത്സര്‍വ്വം പുനര്‍ലഭ്യം
ന ശരീരം പുന: പുന:

നഷ്ടപ്പെട്ട പണം, നഷ്ടപ്പെട്ട സുഹൃത്ത്, നഷ്ടപ്പെട്ട ഭാര്യ, നഷ്ടപ്പെട്ട ഭൂമി ഇവയൊക്കെ തിരിച്ചു പിടിക്കാം, എന്നാല്‍ ശരീരം നഷ്ടമായാല്‍ വീണ്ടെടുക്കാന്‍ കഴിയില്ല.

ബഹൂനാം ചൈവ സത്വാനാം
സമവായോ രിപുഞ്ജയ:
വര്‍ഷധാരാധരോ മേഘ:
തൃണൈരപി നിവാര്യതേ

ജനം ഒന്നിക്കുമ്പോള്‍ സൈന്യമുണ്ടാവുന്നു, അത് ശത്രുവിനെ നശിപ്പിക്കുന്നു. വക്കോല്‍ നാരുകള്‍ മേയുമ്പോള്‍ മേല്പുരയുണ്ടാകുന്നു, അത് മഴയുടെ ആക്രമണത്തെ ചെറുക്കുന്നു.

ജലേ തൈലം ഖലേഗുഹ്യം
പാത്രേ ദാനം മനാഗപി
പ്രാജ്ഞേ ശാസ്ത്രം സ്വയം യാതി
വിസ്താരം വസ്തു ശക്തിത:

ജലം, എണ്ണ, രഹസ്യം, ദുശീലം, സംഭാവന, വിജ്ഞാനം ഇവക്ക് ഒരു പൊതു സ്വഭാവമുണ്ട്. ഇവ ഉദയം ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നും നാനാ ഭാഗത്തേക്കും പരക്കുന്നു.

യസ്യ ചാപ്രിയമിച്ഛേത
തസ്യ ബ്രൂയാല്‍ സദാ പ്രിയം
വ്യാധോ മൃഗവധം കര്‍ത്യം
ഗീതം ഗായതി സുസ്വരം

നിങ്ങള്‍ക്ക് അരോടെങ്കിലും പക തീര്‍ക്കാനുണ്ടെങ്കില്‍ അയാളെ നല്ല രീതിയില്‍ സല്‍ക്കരിക്കുക...എങ്ങനെയെന്നാല്‍ നായാട്ടുകാരന്‍ മൃഗത്തെ അതിന്റെ തന്നെ ശബ്ദം അനുകരിച്ച് വിളിച്ചു വരുത്തി വധിക്കുന്നതു പോലെ!

അത്യാസന്നാ വിനാശായ
ദൂരസ്ഥാ ന ഫലപ്രദാ
സേവിതം മദ്ധ്യഭാഗേന
രാജാ വഹ്നിര്‍ഗുരു: സ്ത്രീയം

രാജാവ്, അഗ്നി, ഗുരു, സ്ത്രീ- ഇവ നാലിന്റേയും തൊട്ടരുകില്‍ പോകരുത്. എന്നാല്‍ ഇവയെ ഉപേക്ഷിക്കാനും പാടില്ല, സുരക്ഷിതമായ അകലം പാലിക്കുക.

അഗ്നിരാപ: സ്ത്രീയോ മൂര്‍ഖ:
സര്‍പ്പോ രാജ കുലാനി ച
നിത്യം യത്നേന സേവ്യാനി
സദ്യ: പ്രാണഹരാണി ഷഡ്

അഗ്നി, ജലം, സ്ത്രീ, ദുഷ്ടന്‍, പാമ്പ്, രാജകുടുംബാംഗം- ഇവ ചിലപ്പോള്‍ മരണകാരണമായിത്തീരാം.

പ്രസ്താവ സദൃശം വാക്യം
പ്രഭാവ സദൃശം പ്രിയം
ആത്മശക്തി സമം കോപം
യോ ജാനാതി സപണ്ഡിത:

തന്നത്താനറിയുന്നവന്‍ തനിക്ക് യോജിച്ച വാക്കുകളേ പറയൂ, യോജിച്ച വിധത്തിലേ കോപിക്കൂ, സംസ്കാരത്തിന് അനുയോജ്യമായേ പെരുമാറൂ, തന്മൂലം അയാള്‍ ഒരിക്കലും പരാജയപ്പെടില്ല.

Sunday, November 2, 2008

അദ്ധ്യായം 13

മുഹൂര്‍ത്തമപിജീവേച്ച
നര:ശുക്ലേന കര്‍മ്മണാ
ന കല്പമപി കഷ്ടേന
ലോകദ്വയ വിരോധിനാ

ഏറ്റവും കുറഞ്ഞ സമയം മാത്രമേ ജീവിച്ചിരിക്കിലും നന്മ ചെയ്യുക, ആയിരം കൊല്ലം ജീവിച്ചിരിക്കുകയാണെങ്കില്‍ അത്രയും കാലം പാപം ചെയ്ത് ജീവിക്കരുത്.

ഗതേശോകോ നകര്‍ത്തവ്യോ
ഭവിഷ്യം നൈവ ചിന്തയേല്‍
വര്‍ത്തമാനേന കലേന
പ്രവര്‍ത്തന്തേവിചക്ഷണ:

കഴിഞ്ഞതു കഴിഞ്ഞു അതേകുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടരുത്, വരാന്‍ പോകുന്ന കാര്യത്തെകുറിച്ച് അറിയില്ല അതിനാല്‍ ഭാവിയെകുറിച്ച് ഓര്‍ത്തും വേവലാതി വേണ്ട.

സ്വഭാവേന ഹി തുഷ്യന്തി
ദേവാ സത്‌പുരുഷാ: പിതാ
ജ്ഞാതയാ സ്നാന പാനാഭ്യാം
വാക്യദാനേന പണ്ഡിതാ:

ദേവന്‍‌മാരും സജ്ജനങ്ങളും മാതാപിതാക്കളും നല്ല പെരുമാറ്റത്തില്‍ സന്തോഷിക്കുന്നു. ബന്ധുക്കള്‍ നല്ല ഭക്ഷണത്താലും പണ്ഡിതന്‍‌മാര്‍ നല്ല സംസര്‍ഗം കൊണ്ടും തൃപ്തരാവുന്നു.

അഹോ ബത വിചിത്രാണി
ചരിതാനിമഹാ//ത്മനാം
ലക്ഷ്മിം തൃണായമന്യന്തേ
തദ്വാരേണനമന്തി ച

മഹാന്‍‌മാര്‍ ധനത്താല്‍ ആകര്‍ഷിക്കപ്പെടുന്നില്ല, മഹാലക്ഷ്മിയെ അവര്‍ തൃണത്തിന് സമമായാണ് കാണുന്നത്. പക്ഷെ പെട്ടെന്ന് ധനാഭിവൃദ്ധിയുണ്ടായാല്‍ അവര്‍ വിനയാന്വിതരാവും.

യസ്യസ്നേഹോ ഭയം തസ്യ
സ്നേഹോ ദു:ഖ്യസ്യ ഭാജനം
സ്നേഹമൂലാനി ദു:ഖാനി
താനിത്യക്ത്വാ വസേത്സുഖം:

ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള്‍ അത് നേടാനുള്ള മോഹം നമ്മുടെ ദൌര്‍ബല്യമായിത്തീരുന്നു. അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള്‍ നമ്മെ പിടികൂടുന്നു. ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴി.

അനാഗത വിധാതാ ച
പ്രത്യുല്പന്നമതി സ്തഥാ
ദ്വാവേതൌ സുഖമേധേതേ
യദഭവിഷ്യോ വിനശ്യതി

അപകട സന്ധികളില്‍ ആത്മധൈര്യം കൈവെടിയാതെ പ്രശ്നങ്ങളെ നേരിടാനും മന:സാന്നിദ്ധ്യം നഷ്ടപ്പെടാതെ ചിന്തിക്കാനും കഴിയുന്നവന്‍ രക്ഷപ്പെടുന്നു, പക്ഷെ എല്ലാം വിധിയെന്നോര്‍ത്ത് നിഷ്ക്രിയനായാല്‍ അവന്‍ നാശമടയും.

രാജ്ഞി ധര്‍മ്മിണി ധര്‍മ്മിഷ്ഠാ:
പാപേ പാപ: സമേ സമാ:
രാജാനമനുവല്‍‌ത്തന്തേ
യഥാരാജാ തഥാ പ്രജാ

രാജാവ് വിശാല ഹൃദയനും ധര്‍മ്മിഷ്ടനുമാണെങ്കില്‍ പ്രജകളും അതുപോലെയിരിക്കും. എന്നാല്‍ രാജാവ് ദുസ്വഭാവിയാണെങ്കില്‍ പ്രജകളും അങ്ങനെയാവുന്നു. രാജാവെങ്ങനെയോ പ്രജകളും അങ്ങനെതന്നെ.

ജീവന്തം മൃതവന്മന്യേ
ദേഹിനം ധര്‍മ്മ വര്‍ജ്ജിതം
മൃതോ ധര്‍മ്മേണ സംയുക്തോ
ദീര്‍ഘജീവി ന സംശയ:

ധര്‍മ്മമില്ലാത്തവന്‍ ജീവിച്ചിരിക്കിലും മരിച്ചതിനു തുല്യം, എന്നാല്‍ ധര്‍മ്മത്തെ സംരക്ഷിക്കുന്നവന് മരണമേയില്ല...

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം
യസൈയകോ/പി ന വിദ്യതേ
അജാഗളാസ്തനസ്യേവ
തസ്യ ജന്മ നിരര്‍ത്ഥകം

ധര്‍മ്മ ബോധമില്ലാത്തവന്‍, സമ്പത്ത് അനുഭവിക്കാത്തവന്‍, സ്നേഹിക്കാന്‍ കഴിയാത്തവന്‍, മോക്ഷം ആഗ്രഹിക്കാത്തവന്‍‌- ഇയാളുടെ ജീവിതം ആടിന്റെ കഴുത്തിലെ മുല പോലെ നിഷ്ഫലം.

ദഹ്യമാന: സുതീവ്രേണ നീചാ:
പര-യശോ/ഗ്നിനാ
അശക്താസ്തപ്തദം ഗന്തും
തതോ നിന്ദാം പ്രകുര്‍വ്വതേ

മഹാന്‍‌മാരുടെ നേട്ടങ്ങളെ നോക്കി അസൂയപ്പെടുന്നവന്‍ നികൃഷ്ടനാണ്, മഹാന്‍‌മാരെ പുച്ഛിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ഇവരുടെ നേട്ടം.

ഈപ്സിതം മനസ: സര്‍വ്വം
കസ്യ സമ്പദ്യതേ സുഖം
ദേവാ//യത്തം യത: സര്‍വ്വം
തസ്മാത്സന്തോഷമാശ്രയേല്‍

ആഗ്രഹങ്ങള്‍ക്ക് അന്ത്യമില്ല, എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ കഴിയില്ല, അതിരുകടന്ന ആഗ്രഹത്തെ നിയന്ത്രിക്കുക.

യഥാ ധേനു സഹസ്രേഷു
വത്സോ ഗച്ഛന്തി മാതരം
തഥാ യച്ച കൃതം കര്‍മ്മ
കര്‍ത്താരം അനുഗച്ചതി

മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലികള്‍ക്കിടയില്‍ നിന്ന് പശുക്കുട്ടി തെറ്റാതെ സ്വന്തം അമ്മയെ കണ്ടെത്തുന്നു. അതുപോലെ കര്‍മ്മഫലവും കര്‍മ്മിയെ പിന്തുടരും.

യഥാ ഖാത്വാ ഖനിത്രേണ
ഭൂതലേ വാരി വിന്ദതി
തഥാ ഗുരുഗതാം വിദ്വാം
ശുശ്രൂഷുരധിഗച്ഛതി

ഭൂമിയില്‍ ആഴം കൂടും‌ന്തോറും ജലം ലഭിക്കും, ഗുരുവില്‍ ഭക്തി കൂടും‌ന്തോറും കൂടുതല്‍ ജ്ഞാനം ലഭിക്കും