Thursday, July 31, 2008

അദ്ധ്യായം 6

ശ്രുത്വാ ധര്‍മ്മം വിജാനാതി
ശ്രുത്വാ ത്യജതി ദുര്‍മതി:
ശ്രുത്വാ ജ്ഞാനമവാപ്നോതി
ശ്രുത്വാ മോക്ഷമവാപ്നുയാല്‍

വേദപഠനം കേട്ടാല്‍ വേദാന്തതത്വങ്ങള്‍ ഹൃദിസ്ഥമാകും, പണ്ഡിതന്റെ പ്രഭാഷണം കേട്ടാല്‍ മനസിലെ ദുഷ്ചിന്തകള്‍ മാറിപ്പോകും, ആത്മീയഗുരുവിന്റെ ഉപദേശവും സാമീപ്യവും മോക്ഷത്തിലേക്ക് നയിക്കും.

പക്ഷീണാം കാകശ്ചണ്ഡാലാ:
പശൂനാം ചൈവ കുക്കുര:
മുനീനാം കോപി ചണ്ഡാല:
സര്‍വ്വേഷാം ചൈവ നിന്ദക:

പക്ഷികളില്‍ കാക്കയും മൃഗങ്ങളില്‍ നായയും വെറുക്കപ്പെട്ടതാണ്. ക്ഷിപ്രകോപികളായ സന്യാസിമാരെ ആരും ഇഷ്ടപ്പെടാറില്ല. ആളുകള്‍ക്ക് പാരപണിയുന്നവരെ ആരും അടുപ്പിക്കാറില്ല.

ഭസ്മനാ ശുദ്ധ്യതേ കാംസ്യം
താമ്രമമ്ലേന ശുദ്ധ്യതി
രജസാ ശുദ്ധ്യതേ നാരീ
നദീ വേഗേന ശുദ്ധ്യതി

പിച്ചളപാത്രത്തെ ചാരം കൊണ്ടും ചെമ്പുപാത്രത്തെ നാരങ്ങ കൊണ്ടും ശുദ്ധിയാക്കാം, സ്ത്രീകള്‍ ആര്‍ത്തവത്താലും നദികള്‍ ഒഴുക്കുകൊണ്ടും പരിശുദ്ധി നേടുന്നു.

ഭ്രമന്‍ സം‌പൂജ്യതേ രാജാ
ഭ്രമന്‍ സം‌പൂജ്യതേ ദ്വിജ:
ഭ്രമന്‍ സം‌പൂജ്യതേ യോഗി
സ്ത്രീ ഭ്രമന്തി വിനശ്യതി

ഗ്രാമങ്ങള്‍ തോറും ചുറ്റു നടക്കുന്ന രാജാവ് പൂജിക്കപ്പെടുന്നു, വിദേശയാത്ര ചെയ്യുന്ന ബ്രാഹ്മണനും ദേശാന്തരം നടത്തുന്ന സന്യാസിമാരും സം‌പൂജ്യരാവുന്നു, എന്നാല്‍ നാടു ചുറ്റി നടക്കുന്ന സ്ത്രീ നശിക്കുന്നു.

താദൃശീ ജായതേ ബുദ്ധിര്‍
വ്യവസായോ/പി താദൃശ:
സഹായാസ്താദൃശാ ഏവ
യാദൃശി ഭവിതവ്യതാ

പണമുള്ളവന് ബുദ്ധിയുണ്ടാവുന്നു. അവരുടെ ലോക കാര്യങ്ങള്‍ ചടുലമാവുന്നു, അവരെ സഹായിക്കാന്‍ സമാനഗതിയിലുള്ളവര്‍ വന്നുചേരുന്നു, അവരുടെ ജീവിതം ഈ വിധത്തില്‍ ചിട്ടയാവുന്നു.

കാല: പചതി ഭൂതാനി
കാല: സംഹരതേ പ്രജ:
കാല: സുപ്തേഷു ജാഗര്‍തി
കലോ ഹി ദുരതിക്രമ:

സമയം എല്ലാത്തിനെയും നിയന്ത്രിക്കുന്നു. അത് എല്ലാത്തിനെയും സംഹരിക്കുന്നു. നാമുറങ്ങുമ്പോള്‍ അത് ഉണര്‍ന്നിരിക്കുന്നു. നാമറിയാതെ അത് നമ്മെ പിടികൂടുന്നു. സമയമെന്നത് നിയന്ത്രണവിധേയമല്ല.

ന പശ്യതി ച ജന്മാന്ധ:
കാമാന്ധോ നൈവ പശ്യതി
ന പശ്യതി മദോന്മത്തോ
ഹ്യര്‍ത്ഥി ദോഷാന്‍ ന പശ്യതി

അന്ധനു കാഴ്ച്ചയില്ല, കാമാന്ധന് ഒട്ടും കാഴ്ച്ചയില്ല, മദ്യപാനിക്ക് തീരെ കാഴ്ച്ചയില്ല, സ്വാര്‍ത്ഥതയുള്ളവന് അശേഷം കാഴ്ച്ചയില്ല.

സ്വയം കര്‍മ്മ കരോത്യാത്മാ
സ്വയം തത്ഫലമശ്നുതേ
സ്വയം ഭ്രമതി സംസാരേ
സ്വയം തസ്മാദ് വിമുച്യതേ

കര്‍മ്മം ചെയ്യുന്ന നാം തന്നെ അതിന്റെ ഫലവും അനുഭവിക്കുന്നു. പലരൂപത്തിലും ഭാവത്തിലും നാം ഭൂമിയിലെത്തുന്നു. ആ രൂപഭാവങ്ങളെ ഭേദിച്ച് നാം അറിയാതെ തന്നെ സ്രഷ്ടാവിലേക്ക് മടങ്ങുന്നു; ഒരു ജീവിത ചക്രം പൂര്‍ത്തീകരിക്കപ്പെടുന്നു.

രാജാ രാക്ഷ്ട്രകൃതം ഭുംക്തോ
രാജ്ഞാ പാപം പുരോഹിത:
ഭര്‍ത്താ ച സ്ത്രീകൃതം പാപം
ശിഷ്യപാപം ഗുരു സ്തഥാ

പ്രജകളുടെ ദുഷ്കര്‍മ്മത്തിന്റെ ഫലം രാജാവ് അനുഭവിക്കുന്നു, രാജാവിന്റെ ദുഷ്കര്‍മ്മങ്ങള്‍ പുരോഹിതന്‍ അനുഭവിക്കുന്നു, ഭാര്യയുടെ പ്രവര്‍ത്തിദോഷങ്ങള്‍ ഭര്‍ത്താവിനെ ബാധിക്കുന്നു. ശിഷ്യന്‍‌മാരുടെ ദു:സ്വഭാവങ്ങള്‍ ഗുരുനാഥനെ അലട്ടുന്നു.

ഋണകര്‍ത്താ പിതാ ശത്രു:
മാതാ ച വ്യഭിചാരിണി
ഭാര്യാ രൂപവതി ശത്രു:
പുത്ര: ശത്രുരപണ്ഡിത:

കടം വരുത്തിവച്ച് മരിച്ച അച്ഛന്‍ പുത്രന് ശത്രുവിന് സമമാണ്, വ്യഭിചാരിണിയായ സ്ത്രീ അമ്മയാണെങ്കില്‍ പോലും ശത്രുവാണ്, ഭാര്യ സുന്ദരിയാണെങ്കില്‍ ഭര്‍ത്താവിന് ശത്രുത്വം തോന്നാം, വിഡ്ഢിയായ പുത്രനെ പിതാവും ശത്രുവായി കണും.

ലുബ്ധം അര്‍ത്ഥേന ഗൃഹ്ണിയാല്‍
സ്തബ്ധം അഞ്ജലി കര്‍മ്മണാ
മൂര്‍ഖ ഛന്ദോ/നുവൃത്തേന
യഥാര്‍ത്ഥേന പണ്ഡിത

അത്യാര്‍ത്തിയുള്ളവനെ പണംകൊണ്ട് സ്വാധീനിക്കാം, അഹങ്കാരിയെ നമിച്ച് പ്രീതിപ്പെടുത്താം, വിഡ്ഢിയെ അനുകൂലിച്ച് സന്തോഷിപ്പിക്കാം, പക്ഷെ ഒരു പണ്ഡിതനെ സത്യപ്രസ്താവന കൊണ്ട് മാത്രമേ സന്തോഷിപ്പിക്കാന്‍ കഴിയൂ.

വരം ന രാജ്യം ന കുരാജ രാജ്യം
വരം ന മിത്രം ന കുമിത്രമിത്രം
വരംനശിഷ്യേഅനകുശിഷ്യ ശിഷ്യോ
വരം ന ദാരാ ന കുദാരദാരാ

ചീത്ത നാടിനെക്കാള്‍ നല്ലത് നാടില്ലാതിരിക്കലാണ്, ചീത്തസുഹൃത്തിനെക്കാള്‍ നല്ലത് സുഹൃത്തില്ലാതിരിക്കലാണ്, വിഡ്ഢിയായ വിദ്യാര്‍ത്ഥിയെക്കാള്‍ നല്ലത് വിദ്യാര്‍ത്ഥി ഇല്ലാതിരിക്കുന്നതാണ്, തന്നിഷ്ടക്കാരിയായ ഭാര്യയെക്കാള്‍ നല്ലത് ഭാര്യയില്ലാതിരിക്കലാണ്.

സിംഹാദേകം ബകാദേകം
ശിക്ഷേച്ഛത്വാരി കുക്കുടാല്‍
വായസാത്പഞ്ച ശിക്ഷേ ച
ഷഢ് ശുനസ്ത്രീണി ഗര്‍ദ്ദഭാല്‍

പക്ഷിമൃഗാദികളില്‍ നിന്നും മനുഷ്യന് ഏറെ ഗുണപാഠങ്ങള്‍ ലഭിക്കുന്നുണ്ട്. സിംഹവും കൊക്കും ഓരോ ഉപദേശം നല്‍കുന്നു. കോഴിയില്‍ നിന്ന് നാലും കാക്കയില്‍ നിന്ന് അഞ്ചും നായയില്‍ നിന്ന് ആറും കഴുതയില്‍ നിന്ന് മൂന്നും പാഠങ്ങള്‍ മനുഷ്യന് പഠിക്കാം.

പ്രഭുതം കാര്യമല്പം വാ
യന്നര: കര്‍തുമിച്ഛതി
സര്‍വ്വാരംഭേണ തത്കാര്യം
സിംഹാദേകം പ്രചക്ഷതേ

സിംഹം ഇരയുടെ മേല്‍ സര്‍വ്വശക്തിയും പ്രയോഗിച്ച് ചാടി വീഴുന്നു, ഇരയെ കീഴ്പ്പെടുത്തന്നവരെയ്ക്കും അത് വിശ്രമിക്കുകയുമില്ല. ഇത് പോലെ നമ്മുടെ പദ്ധതികളെല്ലാം അതി ശക്തമായിത്തന്നെ പ്രയോഗത്തില്‍ വരുത്തണം, അത് പൂര്‍ത്തീകരിക്കുന്നതു വരെ വിശ്രമിക്കയുമരുത്.

ഇന്ദ്രിയാണി ച സംയമ്യ
ബകവല്‍ പണ്ഡിതോ നര:
ദേശകാലബലം ജ്ഞാത്വാ
സര്‍വ്വകാര്യാണി സാധയേല്‍

വെള്ളം നിറഞ്ഞ പാടത്ത് കൊക്ക് നിശ്ചലനായി ഏകാഗ്ര ദൃഷ്ടിയോടെ നിന്ന് മുന്നില്‍ വന്നുപെടുന്ന മത്സ്യത്തെ മാത്രം കൊത്തി വിഴുങ്ങുന്നു. എന്ന്‌ പറഞ്ഞാല്‍ അങ്ങുമിങ്ങും കാണുന്ന മത്സ്യങ്ങളെ ലക്ഷ്യം വയ്ക്കാതെ ക്ഷമയോടെ കാത്തിരുന്ന് തന്റെ കൈപ്പിടിയില്‍ ഒതുങ്ങും എന്ന് പൂര്‍ണ്ണ ഉറപ്പുള്ള മത്സ്യത്തെ മാത്രം പിടിക്കുന്നു.

പ്രത്യുത്ഥാനം ച യുദ്ധം ച
സംവിഭാഗം ച ബന്ധുഷു
സ്വയമാക്രമ്യ ഭുക്തം ച
ശിക്ഷേച്ഛത്വാരി കുക്കുടാല്‍

പ്രഭാതത്തില്‍ ഉണര്‍ന്ന്, കര്‍മ്മനിരതനായി, ഭക്ഷണം കണ്ടെത്തി, കൂട്ടുകാര്‍ക്ക് പങ്കിട്ടു കൊടുക്കുന്ന കോഴിയില്‍ നിന്ന് നമുക്ക് നാലു പാഠങ്ങള്‍ പഠിക്കാം.

ഗൂഢമൈഥുന ചാരിത്വം ച
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമ വിശ്വാസം
പശ്ചശിക്ഷേച്ച വായസാല്‍

രഹസ്യ മൈഥുനം, ഭാവിക്കുവേണ്ടി കരുതിവയ്ക്കല്‍, സദാ ജാഗ്രത, സര്‍വ്വത്ര അവിശ്വാസം, ശുഭാപ്തി വിശ്വാസം ഇവയാണ് കാക്ക നമുക്ക് നല്‍കുന്ന അഞ്ച് ഉപദേശങ്ങള്‍.

ബഹ്വാശി സ്വല്പസന്തുഷ്ട:
സുനിദ്രോ ലഘുചേതന:
സ്വാമിഭക്തശ്ച ശൂരശ്ച
ഷഡതോ ശ്വാനതോ ഗുണോ:

നായ എപ്പോഴും അമിതമായി ഭക്ഷിക്കുന്നു, ഭക്ഷണം കിട്ടിയില്ലെങ്കിലും അതിന് പരാതിയില്ല. എപ്പോഴും ഉറങ്ങുകയാണെന്ന് തോന്നും, പക്ഷെ ഏത് ചെറിയ അനക്കം കേട്ടാലും അത് ഞെട്ടി ഉണരുന്നു. മനുഷ്യനോട് വിശ്വസ്തത പുലര്‍ത്തുന്ന നായ അതേസമയം തന്റെ വര്‍ഗ്ഗത്തോട് അതിശക്തമായി പോരാടുകയും ചെയ്യുന്നു.

ശുശ്രാന്തോ/പി വഹേല്‍ ഭാരം
ശീതോഷ്ണം ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രിണി ശിക്ഷേച്ച ഗര്‍ദഭാല്‍

വിശ്രമമില്ലാതേയും പരാതിയില്ലാതേയും ഭാരം ചുമക്കുക, ചൂടും തണുപ്പും ഒരു പോലെ കണക്കാക്കുക, ഏതുകാര്യത്തിലും സന്തുഷ്ടനായിരിക്കുക- ഈ മൂന്ന് കാര്യങ്ങളാണ് കഴുത നമ്മെ പഠിപ്പിക്കുന്നത്.

Saturday, July 26, 2008

അദ്ധ്യായം 5

ഗുരുരഗ്നിര്‍ ദ്വിജാദിനാം
വര്‍ണ്ണാനാം ബ്രാഹ്മണോഗുരു:
പതിരേവ ഗുരു: സ്ത്രീണാം
സര്‍വ്വസ്യാ/ഭ്യാഗതോ ഗുരു:

ഉയര്‍ന്ന ജാതിക്കാര്‍ക്ക് അഗ്നിയാണ് ഗുരു(ദൈവം), നാലു ജാതിക്കും ഗുരു ബ്രാഹ്മണനാണ്, സ്ത്രീക്ക് ഭര്‍ത്താവാണ് ഗുരു, അതിഥി എല്ലാവര്‍ക്കും ഗുരുവാണ്.

യഥാ ചതുര്‍ഭി: കനകം പരീക്ഷ്യതേ
നിഘര്‍ഷണഛേദന താപതാഢനൈ:
തഥാ ചതുര്‍ഭി: പുരുഷ പരീക്ഷ്യതേ
ത്യാഗേന ശീലേന ഗുണേന കര്‍മ്മണാ

ഉരച്ചും, മുറിച്ച് പഴുപ്പിച്ച് തല്ലിപതം വരുത്തിയിട്ടുമാണ് സ്വര്‍ണ്ണത്തിന്റെ മാറ്റളക്കുന്നത്. മനുഷ്യന്റെ നന്മ അറിയുന്നത് അവന്റെ ത്യാഗം കൊണ്ടും, സ്വഭാവം കൊണ്ടും, ഗുണം കൊണ്ടും, പ്രവര്‍ത്തി കൊണ്ടുമാണ്.

താവദ് ഭയേഷു ഭേദവ്യം
യാവദ്ഭയമനാഗതം
ആഗതം തു ഭയം ദൃഷ്ട്വാ
പ്രഹര്‍ത്തവ്യം അശങ്കയാ

പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ബുദ്ധിമാനത് നേരത്തെ മനസിലാക്കി നേരിടാന്‍ തയ്യാറെടുക്കും. പ്രശ്നത്തെ നേരിടുമ്പോള്‍ ധൈര്യത്തോടെ ഉറച്ച് നില്‍ക്കുകയും ചെയ്യും

നി:സ്പൃഹോ നാ/ധികാരിസ്യാ-
നാകാമി മണ്ഡനപ്രിയ:
നാ/വിദഗ്ദ്ധ: പ്രിയം ബ്യൂയാത്
സ്ഫുടാവക്താ ന വഞ്ചക്:

ഭരണാധികാരികള്‍ ഒരു കൂസലുമില്ലാതെ അഴിമതി കാണിക്കുന്നു, യുവാക്കള്‍ ലജ്ജയില്ലാതെ അണിഞ്ഞൊരുങ്ങുന്നു. സാമര്‍ത്ഥ്യമില്ലാത്തവന് സംഭാഷണ വിദഗ്ദ്ധനാവന്‍ കഴിയില്ല. തുറന്ന മനസുള്ളവന് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ല.

മൂര്‍ഖാണാം പണ്ഡിതാ ദ്വേഷാ:
അധ:മാനാം മഹാധന:
വാരാ//മ്ഗനാ: കുലസ്ത്രീണാം
സുഭഗാനാം ച ദുര്‍ഭഗാ:

പണ്ഡിതന്‍‌മാരെ പാമരന്‍‌മാര്‍ അസൂയയോടെ നോക്കുന്നു. പണക്കാരെ പാവങ്ങള്‍ അസൂയയോടെ കാണുന്നു. സ്വഭാവശുദ്ധിയുള്ള സ്ത്രീകളെ വേശ്യകള്‍ കോപത്തോടെ നോക്കുന്നു. ഭര്‍തൃമതികളെ വിധവകളും, ഭാഗ്യവാന്‍‌മാരെ നിര്‍ഭാഗ്യവാന്‍‌മാരും അസൂയയോടെ വീക്ഷിക്കുന്നു.

ആലസ്യേആപഹതാ വിദ്യാ
പരഹസ്തഗതാ: സ്ത്രീയ:
അല്പബീജം ഹതം ക്ഷേത്രം
ഹന്തം സൈന്യം അനായകം

പണ്ഡിതന്‍‌മാര്‍ അലസരാകുമ്പോള്‍ പാണ്ഡ്യത്യം നശിക്കുന്നു. ഗൃഹനാഥ പരപുരുഷനെ സ്വീകരിക്കുമ്പോള്‍ സല്പേരില്ലാതാവുന്നു. കളകള്‍ കാരണം വയലിലെ വിളവ് നശിക്കുന്നു. നായകനില്ലാത്ത സൈന്യം പരാജയപ്പെടുന്നു.

അഭ്യാസാദ്ധ്യാര്യതേ വിദ്യാ
കുല ശീലേന ധാര്യതേ
ഗുണേന ജ്ഞായതേ ത്വാര്യ:
കോപോ നേത്രേണ ഗമ്യതേ

വിജ്ഞാനം പരിശീലനത്തെ ആശ്രയിച്ചിരിക്കുന്നു. കുടുംബമഹിമ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഉന്നത വ്യക്തികള്‍ അവരുടെ ഗുണങ്ങളെ ആശ്രയിക്കുന്നു. അതുപോലെ കോപം നേത്രങ്ങളെ ആശ്രയിച്ച് പ്രകടമാകുന്നു.

വിത്തേന രക്ഷതേ ധര്‍മ്മാ
വിദ്യാ യോഗേന രക്ഷതേ
മൃദുനാ രക്ഷതേ ഭുപ:
സസ്ത്രിയാ രക്ഷതേ ഗൃഹം

ധനത്താല്‍ ധര്‍മ്മം രക്ഷിക്കപ്പെടുന്നു. അഭ്യാസം കൊണ്ട് ജ്ഞാനം രക്ഷിക്കപ്പെടുന്നു. വിനയം രാജാവിനെ രക്ഷിക്കുന്നു. വീടിന്റെ രക്ഷ സ്ത്രീയുടെ പരിശുദ്ധിയാണ്.

അന്യഥാ വേദപാണ്ഡിത്യം
ശാസ്ത്രമാചാരമന്യഥാ
അന്യാഥാ കുവച: ശാന്തം
ലോകാ: ക്ലിശ്യന്തി ചാന്യഥാ

അറിവിനെയും വേദത്തെയും അപമാനിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്. പരിശുദ്ധനായ ഒരളെ അകാരണമായി ആക്ഷേപിക്കരുത്. തെറ്റുകളെക്കൊണ്ട് ജനങ്ങള്‍ അനാവശ്യമായി കഷ്ടപ്പെടുന്നു.

ദാരിദ്ര്യനാശനം ദാനം
ശീലം ദുര്‍ഗ്ഗതി നാശനം
അജ്ഞാന നാശിനി പ്രജ്ഞാ
ഭാവനാ ഭയ നാശിനി

ദാനം കൊണ്ട് ദാരിദ്ര്യത്തെ കുറച്ചൊക്കെ അകറ്റി നിര്‍ത്താം. സല്‍‌സ്വഭാവം കൊണ്ട് ആപത്തുകള്‍ ഒഴിവാക്കാം. ബുദ്ധിശക്തികൊണ്ട് അജ്ഞത അകറ്റാം. ഭയമില്ലാതാക്കാന്‍ ഈശ്വരസേവ കൊണ്ട് കഴിയും.

‘ജന്മ‌മൃത്യു ഹി യാത്യേകോ
ഭുനക്ത്യേക: ശുഭാ/ശുഭം
നരകേഷു പതത്യേക
ഏകോ യാതി പരാം ഗതിം‘

മനുഷ്യന്‍ ഏകനായി ജനിക്കുന്നു, ഏകനായി സുഖമോ ദു:ഖമോ അനുഭവിക്കുന്നു, ഏകനായി ഈ ലോകത്തോട് വിട പറയുന്നു.

തൃണം ബ്രഹ്മവിദ: സ്വര്‍ഗ്ഗ-
സ്തൃണം ശൂരസ്യ ജീവിതം
ജിതാ/ശസ്യ തൃണം നാരി
നി:സ്പൃഹസ്യ തൃണം ജഗല്‍

വലിയ ലക്ഷ്യം നേടിയാല്‍ മറ്റ്പലതും നിസാരങ്ങളായി തീരും. ആത്മസാക്ഷാത്കാരം നേടിയവന് സ്വര്‍ഗ്ഗം വേണ്ട. യോദ്ധാവ് ജയിക്കാന്‍ വേണ്ടി ജീവന്‍ വെടിയുന്നു. ഏറ്റവും വലിയ വേദാന്തിക്ക് സ്ത്രീ നിസാരയാണ്. വികാരങ്ങളെ കീഴടക്കിയവന് ലോകം ഒന്നുമല്ല.

‘വിദ്യാമിത്രം പ്രവാസേഷു
ഭാര്യാമിത്രം ഗ്രഹേഷു ച
വ്യാധിതസ്യൌഷധം മിത്രം
ധര്‍മ്മേ മിത്രം മൃതസ്യ ച

വിദേശത്ത് വിദ്യ നിങ്ങള്‍ക്ക് തുണയാകും, സ്വദേശത്ത് സല്‍‌സ്വഭാവിയായ ഭാര്യ തുണയേകും, രോഗിക്ക് തുണ ഔഷധങ്ങള്‍, മരിക്കുമ്പോള്‍ ധര്‍മ്മം മാത്രമായിരിക്കും നിങ്ങള്‍ക്ക് തുണയാകുന്നത്.

വൃഥാ വൃഷ്ടി: സമുദ്രേഷു
വൃഥാ തൃപ്തേഷു ഭോജനം
വൃഥാ ദാനം ധനാഢ്യേഷു
വൃഥാ ദിപോ ദിപാ/പി ച

സമുദ്രത്തില്‍ മഴപെയ്യുന്നതും, വയറു നിറഞ്ഞയാള്‍ക്ക് ഭക്ഷണം ലഭിക്കുന്നതും, ധനികന് സംഭാവന ലഭിക്കുന്നതും, പകല്‍ വിളക്ക് കത്തിച്ചുവെയ്ക്കുന്നതും വിഫല പ്രയത്നങ്ങളാണ്.

നാ/സ്തി മേഘസമം തോയം
നാ/സ്തി ചാത്മസമം ബലം
നാ/സ്തി ചക്ഷു: സമം തേജോ
നാ/സ്തി ധാന്യസമം പ്രിയം

മേഘജലം പോലെ പരിശുദ്ധ ജലം വേറൊന്നുമില്ല, മനക്കരുത്ത് പോലെ അസാമാന്യ ബലം വേറൊന്നുമില്ല, നേത്രതേജസ് പോലെ മറ്റൊരു തേജസുമില്ല, ധാന്യങ്ങളെപ്പോലെ തൃപ്തി തരുന്ന മറ്റ് വസ്തുക്കളുമില്ല.

അധനാ ധനമിച്ഛന്തി
വാചം ചൈവ ചതുഷ്പദാ:
മാനവാ: സ്വര്‍ഗ്ഗമിച്ഛന്തി
മോക്ഷമിച്ഛന്തി ദേവതാ:

ധനമില്ലാത്തവന്‍ ധനവും മൃഗങ്ങള്‍ ഭാഷയും മനുഷ്യര്‍ സ്വര്‍ഗ്ഗവും ദേവന്‍‌മാര്‍ മോക്ഷവും ആഗ്രഹിക്കുന്നു.

ചലാ ലക്ഷ്മിശ്ചലാ: പ്രാണ-
ശ്ചലം ജീവിത യൌവ്വനം
ചലാചലേ ച സംസാരേ
ധര്‍മ്മ ഏകോ ഹി നിശ്ചല:

ഐശ്വര്യമില്ലെങ്കില്‍ ലക്ഷ്മി ചഞ്ചലയാണ്. ജീവന്‍ എപ്പോഴും ചലിച്ച് കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതവും യൌവ്വനവും ചലിച്ച് കൊണ്ടിരിക്കുന്നു. പ്രപഞ്ചം തന്നെ ചലനാത്മകമാണ്. ചലനം ചലനം സര്‍വ്വത്ര; എന്നാല്‍ ഒരു വസ്തുമാത്രം അചഞ്ചലമാണ്- അതാണ് ധര്‍മ്മം.

നരാണാം നാപിതോ ധൂര്‍ത്ത:
പക്ഷീണാംചൈവ വായസ:
ചതുഷപദാം ശ്രിഗാലസ്തു
സ്ത്രീണാം ധൂര്‍ത്താ ച മാലിനി

പുരുഷന്‍‌മാരില്‍ ഏറ്റവും സമര്‍ത്ഥനായി ക്ഷുരകനെ കണക്കാക്കാം, പക്ഷികളില്‍ സമര്‍ത്ഥന്‍ കാക്കയാണ്, മൃഗങ്ങളില്‍ സമര്‍ത്ഥന്‍ കുറുക്കനാണ്, സ്ത്രീകളില്‍ പൂ വില്‍ക്കുന്നവള്‍ ഈ പദവിക്ക് അര്‍ഹയാണ്.

Tuesday, July 22, 2008

അദ്ധ്യായം 4

മാംസഭക്ഷൈ: സുരാപാനൈ
മൂര്‍ഖൈശ്ചക്ഷരവര്‍ജ്ജിതൈ
പശുഭി: പുരുഷാകാരൈര്‍
ഭാരാ//ക്രാന്താ ചമേദിനി

മാസംഭക്ഷിക്കുന്നവരും മദ്യപാനികളും ദുഷ്ടന്‍‌മാരും അക്ഷരാഭ്യാസമില്ലാത്തവരും പുരുഷവേഷം കെട്ടിയവരുമായ ഇരുകാലി മൃഗങ്ങളുടെ ഭാരം താങ്ങാനാവാതെ ഭൂമി വിലപിക്കുന്നു.

യാവത്സ്വസ്ഥേ ഹൃയം ദേഹോ
യാവന്മൃത്യുശ്ച ദുരത:
താവദാത്മഹിതം കുര്യാല്‍
പ്രാണന്താന്തേ കിം കരിഷ്യതി

യൌവനകാലത്ത് നമുക്ക് നല്ല ആരോഗ്യവും സാമ്പത്തികശേഷിയും ഉണ്ടായിരിക്കും ആപ്പോഴാണ് സല്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയം. പടികടന്ന് എത്തുന്ന മരണം വാതില്‍ക്കലെത്തുമ്പോള്‍ സുകൃതം ചെയ്യാന്‍ സമയം കിട്ടാതെ പോകും. നാളെ നാളെ എന്ന ചിന്ത അബദ്ധമാണ്, പകരം ഇന്ന് ഇന്ന് എന്ന് ചിന്തിക്കുക.

കാമധേനു ഗുണാ വിദ്യാ
ഹൃകാലേ ഫലദായിനീ
പ്രവാസേ മാതൃസദൃശീ
വിദ്യാ ഗുപ്തം ധനം സ്മൃതം

വിജ്ഞാനം കാമധേനുവിനെപ്പോലെയാണ് . ഉള്ളു നിറയെ ഫലമൂല്യമുള്ളതാണ് കാമധേനു. വിജ്ഞാനത്തിന്റെ ഫലം സ്വദേശത്തല്ല വിദേശത്താണ് ലഭിക്കുക. അമ്മയുടെ സ്നേഹം പോലെ വിജ്ഞാനവും ധനമാണ്.

വരമേകോ ഗുണി പുത്രോ
നിര്‍ഗുണൈശ്ചൈ: ശതൈരവി
ഏകശ്ചന്ദ്രസ്തമോ ഹന്തി
ന ച താരാ: സഹസ്ര ച

വിഡ്ഢികളായ നൂറു പുത്രന്‍മാരെക്കാള്‍ നല്ലത് സമര്‍ത്ഥനായ ഒരു പുത്രനെ ആഗ്രഹിക്കുന്നതാണ്. ആകാശത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും നിലാവ് പരക്കണമെങ്കില്‍ ചന്ദ്രന്‍ ഉദിക്കുകതന്നെ വേണം.

കുഗ്രാമവാസ: കുലഹീന സേവാ
കുഭോജനം ക്രോധമുഖീച ഭാര്യാ
പുത്രശ്ച മൂര്‍ഖോ വിധവാ ച കന്യാ
വിനാ/ഗ്നിനാ ഷഢ്പ്രദഹന്തി കായം

ദുസ്വഭാവികളായ അയല്‍ക്കാര്‍, ദുഷ്ടയജമാനന്റെ ദാസ്യവേല, വിശന്നിരിക്കുമ്പോള്‍ കിട്ടുന്ന ദുഷ്ടഭക്ഷണം, കാരണമില്ലാതെ കോപിക്കുന്ന ഭാര്യ, വിഡ്ഢിയായ പുത്രന്‍, വിധവയായ മകള്‍ ഇതൊക്കെ ജീവിതത്തെ ദുസഹമാക്കുന്നു.

കിം തയാ ക്രിയതേ ധേന്വാ
യാ ന ഭോഗ്ധ്രി ന ഗര്‍ഭിണി
കോ/ര്‍ത്ഥ: പുത്രേണ ജാതേന
യോ ന വിദ്വാന്‍ ന ഭക്തിമാന്‍

പ്രസവിക്കാത്തതും പാലുനല്‍കാത്തതുമായ പശുവിനെ ആര്‍ക്കും വേണ്ട. അതുപോലെ സ്നേഹശൂന്യനും വിദ്യാശൂന്യനുമായ പുത്രനെ പ്രസവിച്ചിട്ടെന്തു കാര്യം.

സംസാര താപദഗ്ദ്ധാനാം
ത്രയോ വിശ്രാന്തി ഹേതവ:
അപത്യം ച കളത്രം ച
സതാം സംഗതിരേവ ച

ഒരു നല്ല സന്തതി, പതിവ്രതയായ ഭാര്യ, സംസ്കാരമുള്ള സുഹൃത്തുക്കള്‍ ഇവ മൂന്നും പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തില്‍ നമുക്ക് ആശ്വാസം നല്‍കും.

സകൃജ്ജല്പന്തി രാജാന:
സകൃജ്ജല്പന്തി പണ്ഡിതാ:
സകൃല്‍ കന്യാ: പ്രതീയന്തേ
ത്രീണേയ്താ‍നി സകൃല്‍ സകൃല്‍

ചക്രവര്‍ത്തി ഒരിക്കല്‍മാത്രം കല്പന പുറപ്പെടുവിക്കുന്നു, പണ്ഡിതന്മാര്‍ ഒരിക്കല്‍മാത്രം പ്രഭാഷിക്കുന്നു, പുത്രികള്‍ ഒരിക്കല്‍മാത്രം വരണമാല്യം അണിയുന്നു. ലോകത്തില്‍ ഒട്ടേറെ കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുമുണ്ട്, എന്നാലും ഈ മൂന്ന് കാര്യങ്ങള്‍ ആവര്‍ത്തിക്കാറില്ല.

ഏകാകിനാ തപോ ദ്വാഭ്യാം
പഠനം ഗായനം ത്രിഭി:
ചതുര്‍ഭിര്‍ ഗമനം ക്ഷേത്രം
പഞ്ചഭിര്‍ ബഹുഭിര്‍ രണ:

ധ്യാനവും അദ്ധ്വാനവും ഒരാളെക്കൊണ്ട് ചെയ്യാന്‍ കഴിയും, രണ്ട് ശിഷ്യന്മാര്‍ ഒന്നിച്ചിരുന്നാല്‍ വിജ്ഞാനം വര്‍ദ്ധിക്കും. മൂന്ന് ഗായകര്‍ സമ്മേളിച്ചാല്‍ ഗാനരംഗം ഹൃദ്യമാവും, നാലുപേരൊരുമിച്ച് യാത്ര ചെയ്താല്‍ മംഗളമാവും. എന്നാല്‍ സൈന്ന്യം രൂപീകരിക്കുമ്പോള്‍ ആധികം ആളുകള്‍ ഉണ്ടായിരിക്കണം.

സാ ഭാര്യാ യാ ശുചിര്‍ ദക്ഷാ
സാ ഭാര്യാ യാ പതിവ്രതാ
സാ ഭാര്യാ യാ പതിപ്രീതാ
സാ ഭാര്യാ സത്യവാദിനി

യഥാര്‍ത്ഥ ഭാര്യ തപസ്വിനിയും ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ ശ്രദ്ധാലുവും സന്തതികളുടെ സംരക്ഷകയും കള്ളം പറയാത്തവളും ആയിരിക്കും.

അപുത്രസ്യ ഗൃഹം ശൂന്യം
ദിശാ: ശൂന്യാസ്ത്വ ബാന്ധവാ:
മൂര്‍ഖസ്യ ഹൃദയം ശൂന്യം
സര്‍വശൂന്യാ ദരിദ്രതാ

കുട്ടികളില്ലാത്ത കുടുംബം ശൂന്യമാണ്. ബന്ധങ്ങളില്ലാത്ത ഗൃഹനാഥന്‍ ലക്ഷ്യമില്ലാത്തവനാണ്. ദുഷ്ടബുദ്ധികള്‍ക്ക് ഹൃദയമേ കാണില്ല. എന്നാല്‍ ഒരു ദരിദ്രനാവട്ടെ ഇത് മൂന്നും- ഗൃഹവും ലക്ഷ്യബോധവും ഹൃദയവിശാലതയും- ഇല്ലാത്തവനായിരിക്കും.

അനഭ്യാസേ വിഷം ശാസ്ത്രം
അജീര്‍ണേ ഭോജനം വിഷം
ദരിദ്രസ്യ വിഷം ഗോഷ്ഠി
വൃദ്ധസ്യ തരുണീ വിഷം

അഭ്യാസം കൂടാതെയുള്ള പഠനം വിഷമയമാണ്. വിശക്കാതെ ഭക്ഷണം കഴിക്കുന്നത് വിഷമയമാവും. സഭയില്‍ ദരിദ്രന്റെ സ്ഥാനം വിഷതുല്യം. യുവതിക്ക് വൃദ്ധന്റെ ഭാര്യാപദം വിഷസമം.

അദ്ധ്വാ ജരാ മനുഷ്യാണാം
വജിനാം ബന്ധനം ജരാ
അമൈഥുനം ജരാ സ്ത്രീണാം
വസ്ത്രാ‍ണാമാതപോ ജരാ

കൂടുതല്‍ സഞ്ചരിക്കുന്നയാള്‍ക്ക് വാര്‍ദ്ധക്യം പെട്ടെന്ന് വരുന്നു. രാവും പകലും വണ്ടിയില്‍ പൂട്ടുന്ന കുതിര പെട്ടെന്ന് ക്ഷീണിക്കുന്നു. ലൈഗീകതൃഷ്ണ ശമിപ്പിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ പെട്ടെന്ന് വയസാകും. എപ്പോഴും വെയിലത്ത് കിടക്കുന്ന വസ്ത്രങ്ങള്‍ പെട്ടെന്ന് പഴയതാവും.

ക: കാല: കാനി മിത്രാണി
കോ ദേശ: കൌ വ്യയാ//ഗമൌ
കശ്ചാ/ഹം കാ ച മേ ശക്തി:
ഇതി ചിന്ത്യം മുഹൂര്‍മുഹു:

ബുദ്ധിമാനായ മനുഷ്യന്‍ എപ്പോഴും സമയത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും, സുഹൃത്തുക്കളുടെ ആനുകൂല്യത്തെപ്പറ്റിയും, വാസസ്ഥലത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും, വരുമാനത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും കരുതലോടെയിരിക്കും. എല്ലറ്റിനുമൊടുവില്‍ തന്നെപ്പറ്റിയും തന്റെ കഴിവുകളെപ്പറ്റിയും ഇടയ്ക്കിടക്ക് പരിശോധിക്കേണ്ടതാണ്.

ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയഛതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതര: സ്മൃതാ:

ജന്മം നല്‍കിയ പിതാവ്, ജാതകര്‍മ്മം ചെയ്ത പുരോഹിതന്‍, വിദ്യാഭ്യാസം നല്‍കിയ ഗുരു, വിശന്നപ്പോള്‍ ആഹാരം തന്നയാള്‍, ആപത്തില്‍ സംരക്ഷണം നല്‍കിയ ആള്‍- ഇവരാണ് അഞ്ചുതരം പിതാക്കന്മാര്‍.

രാജപത്നി ഗുരോ പത്നി
മിത്രപത്നി തഥൈവ ച
പത്നിമാതാ സ്വമാതാ ച
പഞ്ചൈതാം മാതര: സ്മൃതാ:

രാജപത്നി, ഗുരുപത്നി, സുഹൃത്തിന്റെ പത്നി, ഭാര്യാ മാതാവ്, സ്വന്തം മാതാവ്- ഇവരെ അഞ്ച് അമ്മമാരായി കണക്കാക്കണം.

അഗ്നിര്‍ദേവോ ദ്വിജാദീനാം
മുനീനാം ഹൃദി ദൈവതം
പ്രതിമാ സ്വല്പബുദ്ധിനാം
സര്‍വ്വത്ര സമദര്‍ശിന:

ബ്രാഹ്മണര്‍ക്ക് അഗ്നി ദൈവമാണ്, മഹര്‍ഷികള്‍ക്ക് സങ്കല്പമാണ് ദൈവം, അല്പബുദ്ധികളായ ആരാധകര്‍ക്ക് പ്രതിമയോ വിഗ്രഹമോ ദൈവമാകാം, പ്രപഞ്ചത്തെ ഒന്നായി കാണുന്നവര്‍ക്ക് പ്രപഞ്ചമാണ് ദൈവം.

Thursday, July 17, 2008

അദ്ധ്യായം 3

കസ്യ ദോഷ: കുലേ നാസ്തി
വ്യാധിനാ കോ ന പീഢിത:
വ്യസനം കേന ന പ്രാപ്തം
കസ്യ സൌഖ്യം നിരന്തരം

അപവാദം കേള്‍ക്കാത്ത ഗൃഹമില്ല, രോഗം ബാധിക്കാത്ത മനുഷ്യനില്ല, ദുശീലത്തിന് അടിമപ്പെടാത്ത പുരുഷനുമില്ല; ആര്‍ക്കും ശാശ്വത സന്തോഷം ലഭിച്ചിട്ടുമില്ല.

ആചാര കുലമാഖ്യാതി
ദേശമാഖ്യാതി ഭാഷണം
സംഭ്രമ സ്നേഹമാഖ്യാതി
വപുരാഖ്യാതി ഭോജനം

ഒരാളിന്റെ സ്വഭാവത്തില്‍ നിന്നും ജാതിയും, ഭാഷയില്‍ നിന്ന് ദേശവും, ആതിഥ്യത്തില്‍ നിന്ന് സ്നേഹവും, ശരീരവലിപ്പത്തില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും നമുക്ക് മനസിലാക്കാം.

സുകുലേ യോജയോത്കന്യാം
പുത്രം വിദ്യാസു യോജയേല്‍
വ്യസനേ യോജയേച്ഛത്രു
മിത്രം ധര്‍മ്മേ നിയോചയേല്‍

ബുദ്ധിമാനായ പിതാവ് മകളെ ഉയര്‍ന്ന തറവാട്ടിലേക്ക് അയക്കും, പുത്രന്‍‌മാര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കും, ശത്രുവിനെ ഏറ്റവും ശക്തമായ അപകടത്തില്‍പ്പെടുത്തും, സുഹൃത്തിനെ ഏറ്റവും മാന്യമായ ജോലിക്ക് നിയോഗിക്കും.

പ്രളയേ ഭിന്നമര്യാദ
ഭവന്തി കില സാഗരാ:
സാഗരാ ഭേദമിച്ഛന്തി
പ്രളയേ/പി ന സാധവ:

പ്രളയകാലത്ത് കടല്‍ക്ഷോഭം കാരണം കരമുഴുവന്‍ ഇടിഞ്ഞാലും, മഹാന്‍‌മാരുടെ മനസ്സ് ഏതു പ്രളയത്തിലും ശാന്തമായിരിക്കും.

മൂര്‍ഖസ്തു പരിഹര്‍ത്തവ്യ
പ്രത്യക്ഷേ ദ്വിപദ: പശു:
ഭിന്നന്തി വാക്ശല്യേന
അദൃഷ്ട: കണ്ടകോ യഥാ

നാല്‍ക്കാലിയെപ്പോലെ വിഡ്ഢികളാണ് മൂര്‍ഖന്‍‌മാരെങ്കിലും അവരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്. വിദ്വാന്‍‌മാരെപ്പോലും കുത്തി വേദനിപ്പിക്കുന്ന സംസാരം കൊണ്ടേ തിരിച്ചറിയാനാവൂ.

രൂപയൌവ്വന സമ്പന്നാ:
വിശാല കുല സംഭവാ:
വിദ്യാഹീന ന ശോഭന്തേ
നിര്‍ഗ്ഗന്ധാ ഇവ കിംശുകാ:

യുവാവ് അതി സുന്ദരനും, ഉന്നതകുലജാതനും, അത്യുത്സാഹിയും, കഠിനപ്രയത്നം ചെയ്യുന്നവനുമായാലും അയാള്‍ വിദ്യാസമ്പന്നനല്ലെങ്കില്‍ അയാള്‍ക്ക് ആരാധകര്‍ ഉണ്ടാവില്ല; എങ്ങനെയെന്നാല്‍ മണമില്ലാത്ത മുരുക്കിന്‍ പൂവിനെ ശലഭങ്ങള്‍ ആശ്രയിക്കാത്തതു പോലെ..

കോകിലാനാം സ്വരേ രൂപം
സ്ത്രീണാം രൂപം പതിവ്രതം
വിദ്യാ രൂപം കുരൂപാണാം
ക്ഷമാരൂപം തപസ്വിനാം

കുയിലിന്റ്റെ സൌന്ദര്യം ശബ്ദത്തിലാണ് ശരീരത്തിലല്ല, സ്ത്രീ സൌന്ദര്യം ബാഹ്യമല്ല ആന്തരമാണ്, വിരൂപന്റെ സൌന്ദര്യം വിജ്ഞാനത്തിലാണ്, ഋഷിമാരുടെ സൌന്ദര്യം അവരുടെ ദര്‍ശനത്തിലാണ്.

ത്യജദേകം കുലസ്യാ/ര്‍ത്ഥേ
ഗ്രാമസ്യാ/ര്‍ത്ഥേ കുലം ത്യജേല്‍
ഗ്രാമം ജനപദസ്യാ/ര്‍ത്ഥേല്‍
ആത്മാ/ര്‍ത്ഥേ പൃഥിവിം ത്യജേത്

ഒരു ഗൃഹം രക്ഷപ്പെടുമെങ്കില്‍ അതില്‍ ഒരംഗത്തെ പുറത്താക്കാം, ഒരു ഗ്രാമത്തിന്റെ രക്ഷക്കായി ഒരു ഗൃഹത്തെ ബഹിഷ്കരിക്കാം, ഒരു നഗരത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്നു കണ്ടാല്‍ ഒരു ഗ്രാമത്തെ പൂര്‍ണ്ണമായും ബഹിഷ്കരിക്കാം, എന്നാല്‍ സ്വന്തം രക്ഷക്കായി ചിലപ്പോള്‍ ഈ ഭൂമിയെത്തനെ ഉപേക്ഷിക്കേണ്ടി വന്നേക്കാം...

ഉദ്യോഗേ നാസ്തി ദാരിദ്ര്യം
ജപതോ നാസ്തി പാതകം
മൌനേ ച കലഹോ നാസ്തി
നാസ്തി ജാഗരിതോ ഭയം

അദ്ധ്വാനിയായ ഒരള്‍ക്ക് ദാരിദ്ര്യം ഉണ്ടാവില്ല, ഈശ്വരവിശ്വാസിക്ക് ദോഷഭയം ഉണ്ടാവില്ല, നിശബ്ദനായിരുന്നാല്‍ കലഹത്തിനും സാധ്യതയില്ല.. ഇത്രയൊക്കെ ജാഗ്രത നമുക്കുണ്ടെങ്കില്‍ ജീവിത വിജയം സുനിശ്ചയം.

അതിരൂപേണ വൈ സീത
അതിഗര്‍വ്വേണ രാവണ:
അതിദാനാല്‍ ബലിര്‍ ബദ്ധോ
അതി സര്‍വ്വത്ര വര്‍ജ്ജയേല്‍

അതിസൌന്ദര്യം കാരണം സീത അപഹരിക്കപ്പെട്ടു, അളവറ്റ അഹങ്കാരം രാവണനെ അധ:പതിപ്പിച്ചു, അത്യധികമായ ദാനധര്‍മ്മം മഹാബലിയെ സ്ഥാനഭ്രംശനാക്കി...അധികമായാല്‍ എല്ലാം ആപത്താണ്..അതിനെ അകറ്റി നിര്‍ത്തുക.

കോ ഹി ഭാര: സമര്‍ത്ഥാനാം
കിം ദൂരം വ്യവസായിനാം
കോ വിദേശ: സവിദ്യാനാം
ക: പര: പ്രിയവാദിനാം

കരുത്തനും ശക്തനും നേടാന്‍ കഴിയാത്തതായി ഒന്നുമില്ല, കച്ചവടക്കാര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലവുമില്ല, പണ്ഡിതന്‍‌മാര്‍ക്ക് ഒരു നാടും വിദേശമല്ല, നല്ല ഒരു സംഭാഷണപ്രിയന് അപരിചിതമായ വ്യക്തിയോ വിഷയമോ ഇല്ല.

ഏകേനാ/പി സുവൃക്ഷേണ
പുഷ്പിതേന സുഗന്ധിനാ
വാസിതം തദ്വനം സര്‍വ്വം
സുപുത്രേണ കുലം തഥാ

സുഗന്ധവാഹികളായ പുഷ്പങ്ങളോടുകൂടിയ ഒരു വൃക്ഷത്തിന് കാനന പ്രദേശത്തെ മുഴുവനും സൌരഭ്യപൂര്‍ണ്ണമാക്കാന്‍ കഴിയും. അതേ പോലെ മഹത്വമേറിയ ഒരു പുത്രനാല്‍ കുടുംബവും ബന്ധുക്കളും ബഹുമാനിക്കപ്പെടും.

ഏകേന ശുഷ്ക വൃക്ഷേണ
ദഹ്യമാനേന വന്‍‌ഹിനാ
ദഹ്യതേ തദ്വനം സര്‍വ്വം
കുപുത്രേണ കുലം തഥാ

ഉണങ്ങിയ വൃക്ഷത്തിന് തീ പിടിച്ചാല്‍ അത് ആ വനപ്രദേശത്തെയാകെ നശിപ്പിക്കും. അതുപോലെ ഒരു ദുഷ്ടസന്തതിയുടെ പ്രവര്‍ത്തികള്‍ അയാളുടെ കുടുംബത്തിനു മാത്രമല്ല വംശത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കും.

ഏകേനാ/പി സുപുത്രേണ
വിദ്യായുക്തേന സാധൂനാ
ആഹ്ലാദിതം കുലം സര്‍വ്വം
യഥാ ചന്ദ്രേണ ശാര്‍വ്വരി

അന്ധകാരത്തില്‍ ആകാശം നിറയെ പൂനിലാവ് പരത്താന്‍ ഒരു ചന്ദ്രന്‍ മതി. അതുപോലെ കുടുംബത്തിനും ദേശത്തിനും പ്രസിദ്ധി വിതറാന്‍ ഒരു സല്‍‌പുത്രന് കഴിയും.

കിം ജാതൈര്‍ ബഹുഭി:പുത്രൈ:
ശൊകസന്താപ കാരകൈ:
വരമേക: കുലാ/ /ലംബി
യത്ര വിശ്രാമ്യതേ കുലം

ദു:ഖമുണ്ടാക്കുന്ന ആയിരം പുത്രന്‍‌മാരേക്കാള്‍ ,സമര്‍ത്ഥനായ ഒരു പുത്രന് വശം ശ്രേഷ്ടമാക്കാന്‍ കഴിയും.

ലാളയേല്‍ പഞ്ച വര്‍ഷാണി
ദശാവര്‍ഷാണി താഢയേല്‍
പ്രാപ്തേഷു ഷോഡശേ വര്‍ഷേ
പുത്രം മിത്രവദ് ആചരേല്‍

പുത്രനെ അഞ്ചുവയസ്സുവരെ ലാളിക്കുക, അഞ്ച് മുതല്‍ പത്ത് വരെ ശിക്ഷിക്കുക, പത്ത് മുതല്‍ പതിനാറുവരെ ഉപദേശിക്കുക, പതിനാറുമുതല്‍ പിന്നീട് സുഹൃത്തായി കണക്കാക്കുക.

Saturday, July 12, 2008

അദ്ധ്യായം 2

അനൃതം സാഹസം മായ
മൂര്‍ഖത്വം അതി ലുബ്ധത
അശൌചത്വം നിര്‍ദ്ദയത്വം
സ്ത്രീണാം ദോഷാ: സ്വഭാവജ:

കള്ളം പറയുക, എടുത്തുചാടുക, വഞ്ചിക്കുക, മണ്ടത്തരവും അത്യാര്‍ത്തിയും കാണിക്കുക, ഇതെല്ലാം തന്നെ സ്ത്രീയുടെ അടിസ്ഥാന സ്വഭാവങ്ങളാണ്.

ഭോജ്യം ഭോജന ശക്തിശ്ച
രതി ശക്തിര്‍ വരാംഗനാ
വിഭവോ ദാന ശക്തിശ്ച
നാല്പസ്യ തപസ: ഫലം

കഠിനപ്രയത്നം കൊണ്ടേ എന്തും നേടാനാവൂ. വിഭവ സ‌മൃദ്ധമായ സദ്യ, അതിസുന്ദരിയായ ഭാര്യ, പരിചരണ സാമര്‍ത്ഥ്യമുള്ള പത്നി, സത്ഫലം ഉളവാക്കുന്ന സമ്പത്ത് ഇവയെല്ലം അത്ര എളുപ്പത്തിലൊന്നും സ്വായത്തമാക്കാന്‍ കഴിയില്ല.

യസ്യ പുത്രോ വശീഭൂതോ
ഭാര്യാ ഛന്ദാ:നു ഗാമിനി
വിഭവേ യശ്ഛ സന്തുഷ്ട
സ്തസ്യ സ്വര്‍ഗ്ഗ ഇഹൈവ ഹി

അനുസരണയുള്ള ഒരു മകനുണ്ടെങ്കില്‍, വിശ്വസ്തയായ ഒരു ഭാര്യയുണ്ടെങ്കില്‍, ചെലവിന് ഒപ്പം വരുമാനമുണ്ടെങ്കില്‍- ഈ ലോക ജീവിതം സ്വര്‍ഗമാക്കാം.

തേ പുത്രാ യോ പിതുര്‍ഭക്ത:
സാ പിതാ യസ്തു പോഷക:
തന്മിത്രം യസ്യ വിശ്വാസ:
സാ ഭാര്യാ യത്ര നിര്‍വൃതി:

യഥാര്‍ത്ഥപുത്രന്‍ പിതൃഭക്തനായിരിക്കണം, യഥാര്‍ത്ഥ പിതാവ് പുത്രസംരക്ഷകനായിരിക്കണം, യഥാര്‍ത്ഥ സുഹൃത്ത് വിശ്വസ്തനായിരിക്കണം, യഥാര്‍ത്ഥ ഭാര്യ പതിവ്രതയായിരിക്കണം.

പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേത് താദൃശ്യം മിത്രം
വിഷകുംഭം പയോ മുഖം

മുഖത്ത് നോക്കി നല്ലത് പറയുകയും മാറിനിന്ന് ദുഷിച്ച് പറയുകയും ചെയ്യുന്ന സുഹൃത്തുക്കളുണ്ടാവാം, അവരെ ഒരിക്കലും വച്ച് വാഴിക്കരുത്. കാരണം അവര്‍ മുകളില്‍ പരന്ന് കിടക്കുന്ന വെണ്ണയോടും അടിയില്‍ ഊറി നില്‍ക്കുന്ന വിഷത്തോടും കൂടിയ പാത്രമാണ്.

ന വിശ്വസേല്‍ കുമിത്രേ ച
മിത്രേ ചാ:പി ന വിശ്വസേല്‍
കഥാചില്‍ കുപിതം മിത്രം
സര്‍വ്വ ഗുഹ്യം പ്രകാശയേല്‍

വിശ്വസ്തനല്ല എന്ന് കണ്ടാല്‍ ആ സുഹൃത്തിനെ ഉടന്‍ ഉപേക്ഷിക്കണം. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരുവനോട് ഒരിക്കലും രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത്, അങ്ങനെ ചെയ്താല്‍ അത് പിന്നീട് അവന്റെ കയ്യില്‍ ഒരു ആയുധമായിതീരും.

മനസാ ചിന്തിതം കാര്യം
വാചാ നൈവ പ്രകാശയേല്‍
മന്ത്രേണ രക്ഷയേത് ഗൂഢം
കാര്യേ ചാ:പി നിയോജയേല്‍

ലക്ഷ്യമിട്ട പദ്ധതികള്‍ പുറത്ത് പറയരുത്, മനസില്‍ സൂക്ഷിച്ചു വയ്ക്കുക. അനേകകാലം അത് സൂക്ഷിച്ചു വയ്ക്കുക, മാറ്റങ്ങള്‍ വരുത്തുക, മോടിപിടിപ്പിക്കുക-പിന്നീട് അത് പ്രവൃത്തി പഥത്തിലെത്തിക്കുക.

കഷ്ടം ച ഖലു മൂര്‍ഖത്വം
കഷ്ടം ച ഖലു യൌവ്വനം
കഷ്ടാത് കഷ്ടതരം ചൈവ
പരഗേഹ നിവാസനം

വിഡ്ഡിത്തം വലിയ ശാപമാണ്. യൌവനം അതിലും വലിയ ശാപം- എന്നാല്‍ അന്യ ഗൃഹജീവിതമാണ് അങ്ങേയറ്റത്തെ ശാപം..

ശൈലേ ശൈലേ ന മാണിക്യം
മൌക്തികം ന ഗജേഗജേ
സാധവോ ന ഹി സര്‍വ്വത്ര
ചന്ദനം ന വനേ വനേ

എല്ല പര്‍വ്വതങ്ങളും രത്നം വിളയിക്കുന്നില്ല. എല്ലാ ഗജമസ്തകങ്ങള്‍ക്കുള്ളിലും മുത്തുകള്‍ അടങ്ങുന്നില്ല. എല്ലായിടത്തും അഭിമാനികളെ കണ്ടെത്താനും കഴിയില്ല. എല്ലാ വനങ്ങളിലും ചന്ദനം പൂക്കുന്നുമില്ല.

പുത്രാശ്ച വിവിധൈ: ശീലേര്‍
നിയോജ്യാ: സതതം ബുധൈ:
നീതിജ്ഞാ ശീല സമ്പന്നാ
ഭവന്തി കുല പൂജിതാ:

ബുദ്ധിശാലികളായ മാതാപിതാക്കളുടെ കര്‍മ്മം സന്താനോല്പാദനത്തില്‍ മാത്രം ഒതുങ്ങുന്നില്ല; സമൂഹത്തില്‍ മാന്യമായ സ്ഥാനത്ത് ജനക്ഷേമകരമായ പ്രവൃത്തികള്‍ ചെയ്യുന്നവനാക്കി പുത്രനെ വളര്‍ത്തിയെടുക്കുക എന്നതും അവരുടെ കടമയാണ്.

ലാളനാത് ബഹതോ ദോഷാ-
സ്താഢനാത് ബഹതോ ഗുണ:
തസ്മാത് പുത്രം ച ശിഷ്യം ച
താഢയേത് ന തു ലാളയേത്

കുട്ടികളെ വളരെ ലാളിക്കരുത്,അവര്‍‍ ചീത്തയാകും, ശാസനകൊണ്ടും ശിക്ഷകൊണ്ടും അവരെ വളര്‍ത്തുക.

കാന്താവിയോഗ: സ്വജനാപമാന:
ഋണസ്യ ശേഷ: കുനൃപസ്യ സേവാ
ദരിദ്രഭാവോ വിഷമാ സഭാ ച
വിനാഗ്നിനൈതേ പ്രദഹന്തി കായം

കളത്രവിരഹം, കുട്ടികളില്‍ നിന്നുള്ള വാത്സല്യ നഷ്ടം, കടം, ദാരിദ്ര്യം, മോഷ്ടാക്കളുമായുള്ള കൂട്ടുകെട്ട് ഇവ ഒരു മനുഷ്യനെ തീ തീറ്റിക്കുകയും , ആയാളെ ക്രമേണ നശിപ്പിക്കുകയും ചെയ്യും.

നദീതീരെ ച യേ വൃക്ഷാ
പരഗേഹേഷു കാമിനീ
മന്ത്രി ഹീനാംശ്ച രാജാന:
ശീഘ്രം നശ്യന്തൃസംശയം

പുഴക്കരയില്‍ നില്‍ക്കുന്ന വൃക്ഷം, അന്യന്റെ വീട്ടിലെ താമസക്കാരി, ദുര്‍മന്ത്രികളുടെ ഇടയില്‍പ്പെട്ട രാജാവ്- ഇവ നാശമാവും..

നിര്‍ദ്ധനം പുരുഷം വേശ്യാ
പ്രജാ ഭഗ്നം നൃപം ത്യജേല്‍
ഖഗാ വീതഫലം വൃക്ഷം
ഭൂക്ത്വാ ചാഭ്യാഗതാ ഗൃഹം

പതിവുകാരന്‍ സാമ്പത്തികരഹിതനാവുമ്പോള്‍ വേശ്യ അവനെ ഉപേക്ഷിക്കുന്നു, രാജാവിന് രക്ഷിക്കാന്‍ കഴിയാതെയാവുമ്പോള്‍ പ്രജകള്‍ അയാളെ വിട്ടൊഴിയുന്നു, പൂവും കായുമില്ലാത്ത മരങ്ങളെ പക്ഷികള്‍ ഉപേക്ഷിക്കുന്നു, യാദൃശ്ചികമായി വന്നു ചേരുന്ന അതിഥിയും ഭക്ഷണം കഴിഞ്ഞാലുടനെ പടിയിറങ്ങുന്നു..

ദുരാചാരി ദൂരദൃഷ്ടിര്‍
ദൂരാ:വാസി ച ദുര്‍ജ്ജന:
യന്‍‌മൈത്രീ ക്രിയതേ പുംഭിര്‍
നര: ശീഘ്രം വിനശൃതി

ദുഷിച്ച ആചാരങ്ങളോട് കൂടിയവന്‍, ദുഷ്ട ലക്ഷ്യങ്ങളോട് കൂടിയവന്‍, ദൂരദേശത്ത് താമസിക്കുന്നവന്‍ എന്നിവരെ ഉപേക്ഷിക്കുക- കാരണം ഇത്തരക്കാരോട് കൂടുന്നവര്‍ പെട്ടെന്ന് നശിക്കും.

സമാനേ ശോഭതേ പ്രീതി:
രാജ്ഞി സേവാ ച ശോഭതേ
വാണിജ്യം വ്യവഹാരേഷു
ദിവ്യാ സ്ത്രീ ശോഭതേ ഗൃഹേ

ഏറ്റവും നല്ല കൂട്ടുകെട്ട് സമാനജോലിക്കാര്‍ തമ്മിലാണ്. ഏറ്റവും നല്ല സേവനം രാജാവിന്റെ കീഴിലാണ്. ഏറ്റവും നല്ല തൊഴില്‍ വ്യാപാരമാണ്, ഗൃഹസൌഖ്യത്തിന് ഏറ്റവും അത്യാവശ്യം ഭാര്യയാണ്.

Sunday, July 6, 2008

അദ്ധ്യായം 1

ആമുഖം
വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയൊക്കെ സമചിത്തതയോടെ നേരിട്ട് ആഗ്രഹസഫലീകരണം
സാധ്യമാക്കിയ ചാണക്യന് അല്‍ഭുത ശക്തികളൊന്നും ഉണ്ടായിരുന്നില്ല. മനോക്കരുത്ത്, ലക്ഷ്യബോധം, വിശ്രമമില്ലാത്ത പരിശ്രമം, അനുയോജ്യമായ അന്തരീക്ഷം ഇവയായിരുന്നു തന്റെ ലക്ഷ്യസാധ്യത്തിന് ചാണക്യന് കൈമുതലായി ഉണ്ടായിരുന്നത്. ചാണക്യന് നന്ദവംശത്തോടുണ്ടായിരുന്ന ഒടുങ്ങാത്ത പകയുടെ പരിണത ഫലമാണ് ബി. സി. 300-ലെ ചന്ദ്രഗുപ്ത മൌരന്റെ മൌര്യസാമ്രാജ്യം. രാക്ഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും അദ്ധ്യാത്മിക ചിന്തയിലും ഉയര്‍ന്ന ചിന്തകള്‍ വച്ച് പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം. ചാണക്യസൂത്രങ്ങളിലൂടെയുള്ള ഒരു ഓട്ട പ്രദിക്ഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ശ്ലോകങ്ങളുടെയും വിസ്തരിച്ചുള്ള വിവരണത്തെക്കാള്‍ പ്രാധാന്യമുള്ള കുറേ ശ്ലോകങ്ങളുടെ ആശയങ്ങള്‍ മാത്രമെ പോസ്റ്റാക്കുന്നുള്ളു. ഞാനൊരു സംസ്കൃതപണ്ഡിതനല്ല. താഴ്ന്ന ക്ലാസുകളില്‍ പഠിച്ച അറിവു മാത്രമേയുള്ളൂ. എന്റെ പരിമിതമായ അറിവിനകത്ത് നിന്നു കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. എത്ര കണ്ട് വിജയിക്കും എന്ന് അറിയില്ല. ഇതില്‍ വരാവുന്ന തെറ്റുകുറ്റങ്ങള്‍ സാദരം ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ഉദ്യമത്തിന് ഞാന്‍ അവലംബമായി സ്വീകരിച്ചിരിക്കുന്നത് ശ്രീ. എം പി. നീലകണ്ഠന്‍ നമ്പൂതിരിയുടെ ‘ചാണക്യദര്‍ശനം’ എന്ന വ്യാഖ്യാന ഗ്രന്ഥമാണ്. വ്യാഖ്യാനകാരനോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

അദ്ധ്യായം 1

ദുഷ്ടാ ഭാര്യാ ശാഠ്യ മിത്രം
ഭൃത്യശ്ചോത്തര ദായക:
സസര്‍പ്പേച ഗൃഹേ വാസോ
മൃത്യുരേവ ന സംശയ:

വായില്‍തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ എന്തും വിളിച്ചു പറയുന്നവളും ദു:സ്വഭാവിയുമായ ഭാര്യയുണ്ടെങ്കില്‍, കള്ളനും വഞ്ചകനുമായ സുഹൃത്തുണ്ടെങ്കില്‍, മര്യാദയില്ലാത്ത പരിചാരകനുണ്ടെങ്കില്‍, പാമ്പുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ആ വീട് വാസയോഗ്യമല്ല.

മൂര്‍ഖശിഷ്യോപദേശേന
ദുഷ്ടസ്ത്രീ ഭരണേന ച
ദുഖിതൈ: സം‌പ്രയോഗേണ
പണ്ഡിതോ പ്യ വസീദന്തി

മരമണ്ടനായ ശിഷ്യനെ ഉപദേശിക്കുക, വഴിവിട്ട ജീവിതം നയിക്കുന്ന സ്ത്രീയെ സംരക്ഷിക്കാന്‍ മുതിരുക, സമ്പത്തുമുഴുവന്‍ ധൂര്‍ത്തടിക്കുന്നവന്റെ സ്നേഹിതനാവുക. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നവര്‍ പിന്നീട് ദുഖിക്കും.

ആപദര്‍ത്ഥേ ധനം രക്ഷേല്‍
ദാരാന്‍ രക്ഷേത് ധനേരപി
ആത്മാനം സതതം രക്ഷേത്
ദാരേരൈപി ധനൈരപി

ധനം സൂക്ഷിച്ചു വയ്ക്കുക. ആപത്ത് കാലത്തും സ്ത്രീകള്‍ക്ക് രോഗവും മറ്റ് വ്യധകളും ഉണ്ടാവുമ്പോഴും സൂക്ഷിച്ചു വച്ച പണത്തെ ഉപയോഗപ്പെടുത്തണം. പക്ഷെ തന്നെ സംരക്ഷിക്കേണ്ട അവസരത്തില്‍ അതിനു തടസമാവുന്നത് മുന്‍പ് സൂക്ഷിച്ചു വച്ചിരുന്ന പണവും മുന്‍പ് സംരക്ഷിച്ച സ്ത്രീയുമാണെങ്കില്‍ കൂടിയും(ഭര്യയയാല്‍ക്കൂടി)അവയെ ഉപേക്ഷിച്ച് സ്വയം രക്ഷിക്കുക.

യസ്മിന്ദേശേ ന സമ്മാനോ
ന വൃത്തിര്‍ ന ച ബാന്ധവാ:
ന ച വിദ്യാ ഗമ: കശ്ചില്‍
തം ദേശം പരിവര്‍ജ്ജയേല്‍

നമ്മെ നിരന്തരം പരിഹസിക്കുന്നവരും, നമ്മുടെ അന്തസിന് വിലകല്‍പ്പിക്കാത്തവരും, നമ്മുടെ ഉപജീവനത്തിന് തടസമുണ്ടാക്കുന്നവരും, കുടുംബജീവിതം നയിക്കാന്‍ അനുവദിക്കാത്തവരും ആയ ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് നാം ഒരിക്കലും ജീവിച്ചു കൂട.

ജാനിയാല്‍ പ്രേഷണേ ഭൃത്യാന്‍
ബാന്ധവാന്‍ വ്യസനാ ഗമേ
മിത്രം ചാ പത്തികാലേഷു
ഭാര്യാം ച വിഭവക്ഷണയേല്‍

ധനം മുഴുവന്‍ നഷ്ടപ്പെട്ട അവസരത്തിലാണ് ഭാര്യ, ബന്ധുക്കള്‍, സ്നേഹിതര്‍, പരിചാരകര്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥമുഖം പ്രത്യക്ഷപ്പെടുക.

ആതുരേ വ്യസനേ പ്രാപ്തേ
ദുര്‍ഭിക്ഷേ ശസ്ത്യസങ്കടേ
രാജദ്വാരേ ശ്മശാനേ ച
യസ്തിഷ്ഠതി സ ബാന്ധവ:

രോഗശയ്യയിലാവുമ്പോഴും നിര്‍ഭാഗ്യം വന്നണയുമ്പോഴും ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്‍ എതിര്‍ക്കുമ്പോഴും നമ്മെ കൈവിടാതെ കൂടെയുണ്ടാവുന്നവനാണ് യഥാര്‍ത്ഥ ബന്ധു.

യോ ധ്രുവാണി പരിത്യജ്യ
അധ്രുവം പരിഷേവതേ
ധ്രുവാണി തസ്യ നശ്യന്തി
അധ്രുവം നഷ്ടമേവ ച

സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന്‍ വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത്; അങ്ങനെയായാല്‍ രണ്ടും ഒരുപോലെ നഷ്ടപ്പെടും.

നഖീനാം ച നദീനാം ച
ശൃംഗിണാം ശാസ്ത്രപാണിനാം
വിശ്വാസോ നൈവ കര്‍ത്തവ്യ:
സ്ത്രീഷു രാജ കുലേഷു ച

കൊമ്പുള്ളതോ,നഖങ്ങളുള്ളതോ ആയ മൃഗങ്ങളെ, കുത്തിയൊഴുകുന്ന നദീ പ്രവാഹത്തെ, കോപിഷ്ഠനായ ആയുധധാരിയെ, അപമാനിക്കപ്പെട്ട സ്ത്രീയെ- ഒരിക്കലും വിശ്വസിക്കരുത്.

സ്ത്രീണാം ദ്വിഗുണാഹാരോ
ബുദ്ധിസ്ത്സാം ചതുര്‍ ഗുണ
സാഹസം ഷഡ്ഗുണം ചൈവ
കാമോ ഷടഗുണ ഉച്യതേ

പുരുഷനോട് താരതമ്യം ചെയ്താല്‍ സ്ത്രീകള്‍ രണ്ടിരട്ടി ഭക്ഷണം കഴിക്കുന്നു, നാലിരട്ടി സാമര്‍ത്ഥ്യം കാണിക്കുന്നു, ആറിരട്ടി ധൈര്യം പ്രകടിപ്പിക്കുന്നു, എട്ടിരട്ടി സംഭോഗതൃഷ്ണ ഉള്‍ക്കൊള്ളുന്നു.