Saturday, August 23, 2008

അദ്ധ്യായം 9

മുക്തിമിച്ഛസി ചേത്താത
വിഷയാന്‍ വിഷവല്‍ ത്യജ
ക്ഷമാ//ര്‍ജ്ജവം ദയാ ശൌചം
സത്യം പീയുഷവദ് ഭജ


നിങ്ങള്‍ക്ക് അധ:പതിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദുശീലങ്ങളെ കൂട്ടുപിടിക്കുക, ഉയര്‍ച്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ക്ഷമയും, സഹിഷ്ണുതയും, സത്യവും, സമഭാവനയും അമൃതമായി സ്വീകരിക്കുക.

പരസ്പരസ്യ മര്‍മ്മാണി
യേ ഭാഷന്തേ നരാധമ:
ത ഏവം വിലയം യാന്തി
വാല്‌മീകോദര സര്‍പ്പവല്‍

പരദൂഷണക്കാരെ, മാളത്തിലകപെട്ട പാമ്പിനെപ്പോലെ നശിപ്പിക്കേണ്ടതാണ്.

ഗന്ധ: സുവര്‍ണ്ണേ, ഫലമിക്ഷുദണ്ഡേ,
നാ/കാരി പുഷ്പം ഖലു ചന്ദനസ്യ,
വിദ്വാന്‍ ധനാഢ്യശ്ച, നൃപശ്ചിരായു:
ധാതു: പുരോ: കോ/പി ന ബുദ്ധിതോ/ഭൂല്‍

ബ്രഹ്മാവ് സ്വര്‍ണ്ണത്തിന് സുഗന്ധവും, കരിമ്പിന് മധുരമുള്ള പഴങ്ങളും, ചന്ദനമരത്തിന് മണമുള്ള പൂക്കളും, പണ്ഡിതന് സമ്പത്തും, സമുദായ സ്നേഹിക്ക് ദീര്‍ഘായുസും നല്‌കിയില്ല. ഈ വക കാര്യങ്ങളില്‍ ബ്രഹ്മാവിന് ഉപദേശം നല്‍‌കാന്‍ ആളില്ലായിരുന്നു.

സര്‍വ്വൌഷധീനാമമൃത പ്രധാനാ
സര്‍വ്വേഷു സൌഖ്യേഷ്വശനം പ്രധാനം
സര്‍വ്വേന്ത്രിയാണാം നയനം പ്രധാനം
സര്‍വ്വേഷു ഗാത്രേഷു ശിര: പ്രധാനം

ഔഷധങ്ങളില്‍ വിശിഷ്ടം അമൃതാണ്, സുഖാനുഭവങ്ങളില്‍ മെച്ചം ഭോജനമാണ്, ജ്ഞാനേന്ദ്രിയങ്ങളില്‍ ഉത്തമം നേത്രങ്ങളാണ്, ശരീരത്തില്‍ ഉത്കൃഷ്ടം ശിരസ്സാണ്.

“ ദുതോ ന സഞ്ചരതി ഖേ ച ചലേച്ച വാര്‍ത്താ
പൂര്‍വ്വം ന ജല്പിതമിദം ന ച സംഗമോ/സ്തി
വ്യോമനി സ്ഥിതം രവി ശശിഗ്രഹണം പ്രശസ്തം
ജാനാതി യോ ദ്വിജവര: സ കഥം ന വിദ്വാന്‍

ആകാശത്തിലേക്ക് ആളെ അയക്കാന്‍ സാധ്യമല്ല, വിദൂര അന്തരീക്ഷത്തില്‍ നിന്നും എന്തെങ്കിലും സന്ദേശം ഭൂമിയിലെത്താനും സാധ്യമല്ല, അപ്പോള്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കൃത്യമായി പ്രവചിക്കുന്ന ബ്രാഹ്മണന്‍ എന്ത് കൊണ്ട് ആദരിക്കപ്പെടുന്നില്ല?

വിദ്യാര്‍ത്ഥി സേവക: പാന്ഥ:
ക്ഷുധാ//ര്‍തോ ഭയകാതര:
ഭാ‍ണ്‌ഡാരി പ്രതിഹാരി ച
സപ്ത സുപ്താന്‍ പ്രബോധയേല്‍

വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍‌ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.

അഹിം നൃപം ച ശാര്‍ദ്ദൂലം
കിഢിം ച ബാലകം തഥാ
പരശ്വാനം ച മൂര്‍ഖം ച
സപ്ത സുപ്താന്‍ ന ബോധയേല്‍

ഉറങ്ങുന്ന പാമ്പ്, സിംഹം, പുലി, രാജാവ്, ബാലകന്‍, ദുഷ്ടന്‍, നായ ‌- ഇവരെ ഏഴുപേരേയും ഉണര്‍ത്തരുത്, അവര്‍ ഉറങ്ങിക്കോട്ടെ.

“ അര്‍ത്ഥാ/ധീതാശ്ച യൈര്‍‌വേദാ
സ്തഥാ ശൂദ്രാന്നഭോജിനാ:
തേ ദ്വിജാ: കിം കരിഷ്യന്തി
നിര്‍വിഷാ ഇവ പന്നഗ:“

ബ്രാഹ്മണന്‍ വേദാദ്ധ്യായനം നടത്തുന്നത് പണമുണ്ടാക്കാനും, താഴ്ന്നവരെ ആശ്രയിക്കുന്നത് ജീവിക്കാനും വേണ്ടിയാണ്. ഇത് കാണുന്ന ജനത്തിന് ബ്രാഹ്മണരോടുള്ള വിശ്വാസവും ബഹുമാനവും നഷ്ടമാവുന്നു.

യസ്മിന്‍ രുഷ്ഠേ ഭയം നാസ്തി
തുഷ്ഠേ നൈവ ധനാ//ഗമ:
നിഗ്രഹോ//നുഗ്രഹോ നാസ്തി
സ രുഷ്ഠേ: കിം കരിഷ്യതി

ആരുടെ കോപമാണൊ ഭയം ജനിപ്പിക്കാത്തത്, ആരുടെ സന്തുഷ്ടിയാണോ ലാഭമുണ്ടാക്കാത്തത്, ആരുടെ അധികാരത്തില്‍ ശിക്ഷിക്കപ്പെടുന്നില്ലയോ, ആരുടെ ഔദാര്യത്തില്‍ പ്രതിഫലം നല്‍കുന്നില്ലയോ- അയാളുടെ കോപത്തെ ആര് പേടിക്കും.

നിര്‍വിഷേണാ/പി സര്‍പ്പേണ
കര്‍ത്തവ്യാ മഹതീ ഫണാ
വിഷമസ്തു ന ചാപ്യസ്തു
ഘടാടോപോ ഭയങ്കര:

വിഷമില്ലാത്ത പാമ്പും ശത്രുക്കളെ കണ്ടാല്‍ പത്തിവിടര്‍ത്തി ആഞ്ഞു കൊത്തും, ശത്രുക്കള്‍ക്കറിയില്ലല്ലോ ഈ പാമ്പിന് വിഷമില്ലായെന്ന കാര്യം.

സ്വഹസ്ത ഗ്രഥീതാ മാലാ
സ്വഹസ്ത ഘൃഷ്ഠ ചന്ദനം
സ്വഹസ്ത ലിഖിതം സ്തോത്രം
ശക്രസ്യാപി ശ്രിയം ഹരേല്‍

ഈശ്വരപൂജ സ്വയം ചെയ്യേണ്ടതാണ്, മാല സ്വയം നിര്‍മ്മിക്കേണ്ടതാണ്, ചന്ദനം സ്വയം അരച്ച് കുറി തൊടണം, പ്രാര്‍ത്ഥനയ്ക്ക് സ്വയം എഴുതിയ ഭജന പാടേണ്ടതാണ്- ഇതിലേതെങ്കിലും ഒരു പ്രവര്‍ത്തി നമ്മെ സ്വര്‍ഗ്ഗത്തിലെത്തിക്കും.

ഇക്ഷുദണ്ഡാസ്തിലാ: ക്ഷുദ്രാ:
കാന്താ ഹേമ ച മേദിനി
ചന്ദനം ദധി താംബൂലം
മര്‍ദ്ദനം ഗുണവര്‍ധനം

കരിമ്പ്, എള്ള്, ബുദ്ധിശൂന്യത, സ്ത്രീ, സ്വര്‍ണ്ണം, ഭൂമി, ചന്ദനം, തൈര്, താംബൂലം ഇവകളില്‍ നിന്നും കൂടുതല്‍ ഗുണം ലഭിക്കാന്‍ നാം അവയെ വീണ്ടും വീണ്ടും തിരുമ്മുകയോ മര്‍ദ്ദിക്കുകയോ വേണം.

ദരിദ്രതാ ധീരതയാ വിരാജതേ
കുവസ്ത്രതാ ശുഭതയാ വിരാജതേ
കൌന്നതാ ചോഷണുതയാ വിരാജതേ
കുരുപതാ ശീലതയാ വിരാജതേ

ക്ഷമയുണ്ടെങ്കില്‍ ദാരിദ്ര്യം സഹിക്കാം, വൃത്തിയുണ്ടെങ്കില്‍ സാധാരണ വസ്ത്രവും ഈടുറ്റതാണ്, ചൂടുള്ളതാണെങ്കില്‍ മോശപ്പെട്ട ഭക്ഷണവും നമുക്ക് ഇഷ്ടപ്പെടും, സ്വഭാവശുദ്ധിയുണ്ടെങ്കില്‍ ഏത് വൈരൂപ്യവും നിസ്സാരമാണ്.

മൂര്‍ഖശ്ചിരായുര്‍ ജതോ/പി
തസ്‌മാജ്ജാതമൃതോ വര:
മൃത: സ ചാ/ല്പദു:ഖായ
യാവജ്ജീവം ജഡോ ദഹേല്‍

വിഡ്ഢിയും ദുഷ്ടനും ദീര്‍ഘായുസ്സുമായ പുത്രന്‍ നമ്മെ അവസാനം വരെ ദു:ഖിപ്പിക്കുന്നു. എന്നാല്‍ അതി സമര്‍ത്ഥനായാലും അല്പായുസായാലും, ആ മകന്‍ താത്കാലിക ദു:ഖം മാത്രമേ നല്‍കുന്നുള്ളൂ.

Monday, August 11, 2008

അദ്ധ്യായം 8

അധമാ ധനമിഛന്തി
ധനം മാനം ച മദ്ധ്യമ:
ഉത്തമാ മാനമിഛന്തി
മാനോ ഹി മഹതാം ധനം

ധനം മാത്രം കൊതിക്കുന്നവന്‍ അധമന്‍, അഭിമാനവും ധനവും കൊതിക്കുന്നവന്‍ മധ്യമന്‍, അഭിമാനത്തെ ധനമായി കരുതുന്നവന്‍ ഉത്തമന്‍.

ഇക്ഷുരാപ പയോമൂലം
താംബൂലം ഫലമൌഷധം
ഭക്ഷയിത്വ/പി കര്‍ത്തവ്യാ:
സ്നാനദാനാ//ദികാ: ക്രിയ:

ആദ്യം വിധിച്ചത് ജലപാനവും ഔഷധ സേവയുമാണെങ്കില്‍ അത് കഴിഞ്ഞിട്ട് മതി കുളിയും ജപവും

തൈലാ/ഭ്യംഗേ, ചിതാ ധൂമേ
മൈഥുനേ ക്ഷൌര കര്‍മ്മിണി
താവദ്ഭവതി ചണ്ഡാളോ
യാവത്‌സാനം ന ചാ//ചരേല്‍

എണ്ണതേച്ചതിനു ശേഷവും, ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷവും, സംഭോഗ ശേഷവും, ക്ഷൌര ശേഷവും അശുദ്ധിമാറാന്‍ കുളിയാണ് ഉത്തമം.

അജീര്‍ണ്ണേ ഭേഷജം വാരി
ജീര്‍ണ്ണേ വാരി ബലപ്രദം
ഭോജനേ ചാമൃതം വാരി
ഭോജനാന്തേ വിഷപ്രദം

അജീര്‍ണ്ണത്തിന് ജലം ഔഷധമാണ്, ദഹനക്ഷീണം മാറ്റാനും ജലം വേണം, ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്നത് അമൃതിനു തുല്യമാണ് എന്നാല്‍ ഭക്ഷണ ശേഷം ജലപാനം ചെയ്യുന്നത് വിഷ തുല്യമാണ്.

ഹതം ജ്ഞാനം ക്രിയാഹീനം
ഹതശ്ചാ/ജ്ഞാനതോ നര:
ഹതം നിര്‍നായകം സൈന്യം
സ്ത്രീയോ നഷ്ടാ ഹ്യഭര്‍ത്യക:

പ്രയോഗിക്കാത്ത വിദ്യ നിരര്‍ത്ഥകമാകമാണ്. ഉള്ള അറിവ് പ്രകടിപ്പിക്കാത്തവന്‍ ജീവിതം പാഴാക്കുകയാണ് ചെയ്യുന്നത്. സേനാനായകനില്ലാത്ത സൈന്യം ഉപയോഗശൂന്യമാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യയും വ്യര്‍ത്ഥയായിത്തീരുന്നു.

ബുദ്ധകാലേ മൃതഭാര്യാ
ബന്ധു ഹസ്തേ ഗതം ധനം
ഭോജനം ച പരാധീനം
ത്രിസ പുംസാം വിഡം‌ബതാ:

യൌവ്വനകാലത്ത് ഭാര്യയെ നഷ്ടപ്പെടുമ്പോഴും, സമ്പത്ത് ബന്ധുക്കള്‍ കയ്യടക്കുമ്പോഴും, ആഹാരത്തിന് അന്യനെ ആശ്രയിക്കേണ്ടി വരുമ്പോഴും നമ്മുടെ പുരുഷത്വം വൃഥാവിലാവുന്നു.

നാഗ്നി ഹോത്രം വിനാ വേദം
ന ച ദാനം വിനാ ക്രിയാ
ന ഭാവേന വിനാ സിദ്ധി
സ്തസ്‌മാദ് ഭാവോ ഹി കാരണം

യജ്ഞം കൂടാതെയുള്ള വേദപഠനം, ദാനം കൂടാത്ത യജ്ഞം, സിദ്ധി കൂടാത്ത പൂജ ഇവയൊന്നും ഫലം ചെയ്യില്ല. ഈ മൂന്ന് കര്‍മ്മങ്ങളുടെയും അടിസ്ഥാനം മനസ്സാണ്.

കാഷ്ഠ പാഷാണ ധാതുനാം
കൃത്വാ ഭാവേന സേവനം
ശ്രദ്ധയാ ച തയാ സിദ്ധ-
സ്തസ്യ വിഷ്ണു: പ്രസീദതി

വിഗ്രഹം ശിലയോ, ലോഹമോ, മരമോ ആയിരിക്കട്ടെ; അതില്‍ ഈശ്വരസാന്നിധ്യം ഉണ്ട് എന്ന വിശ്വാസമാണ് പ്രധാനം. വിശ്വാസത്തിന്റെ തീവ്രതയാണ് അനുഗ്രഹത്തിന്റെ അളവുകോല്‍.

ന ദേവോ വിദ്യതേ കാഷ്ഠേ
ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവ
സ്തസ്‌മാല്‍ ഭാവോഹി കാരണം

വിഗ്രഹം കല്ലായാലും മരമായാലും അതില്‍ ദൈവം സ്ഥിതിചെയ്യുന്നില്ല. ദൈവം കുടികൊള്ളുന്നത് നമ്മുടെ മനസ്സിലാണ്. ഈ ധാരണയില്‍ ഉപാസിച്ചാലേ ഫലമുണ്ടാവൂ, എവിടെയാണോ ഭക്തിയും വിശ്വാസവും നിറഞ്ഞു നില്‍ക്കുന്നത് അവിടെ വിളിക്കാതെ തന്നെ ദൈവം എത്തിച്ചേരും.

ശാന്തി തുല്യം തപോനാസ്തി
ന സന്തോഷാല്‍ പരം സുഖം
ന തൃഷ്ണയാ:പരോ വ്യാധിര്‍
ന ച ധര്‍മ്മേ ദയാ പര:

ശാന്തി ഏറ്റവും വലിയ അനുഗ്രഹമാണ്. സംതൃപ്തി ഏറ്റവും വലിയ ആനന്ദമാണ്. ദുരാഗ്രഹം ഏറ്റവും വലിയ രോഗമാണ്. അനുകമ്പയേക്കാള്‍ വലിയ മതമില്ല.

ക്രോധോ വൈവസ്വതോ രാജാ
തൃഷ്ണാ വൈതരണിനദി
വിദ്യാ കാമദ്രുധാ ധേനു:
സന്തോഷോ നന്ദനം വനം

വികാരങ്ങളില്‍ ഏറ്റവും ശക്തമായത് കോപമാണ്. അത്യാഗ്രഹം തരണം ചെയ്യാന്‍ കഴിയാത്ത നദിയാണ്. എന്തും സാധിച്ചു തരുന്ന കാമധേനുവാണ് വിദ്യ. വനമേഖല അത്യാഹ്ലാദം തരുന്നതുമാണ്.

ഗുണോ ഭൂഷയതേ രൂപം
ശീലം ഭൂഷയതേ കുലം
സിദ്ധിര്‍ ഭൂഷയതേ വിദ്യാം
ഭോഗോ ഭൂഷയതേ ധനം

സൌന്ദര്യം ശോഭിക്കുന്നത് ഗുണത്തോടുകൂടിയാണ്, കുടുംബ മഹിമ ഖ്യാതിയാര്‍ജ്ജിക്കുന്നത് സ്വഭാവം വിവരിച്ചിട്ടാണ്, വിദ്യാഭ്യാസം അംഗീകരിക്കപ്പെടുന്നത് പ്രകടിപ്പിക്കുമ്പോഴാണ്, ധനം അംഗീകരിക്കപ്പെടുന്നത് സുഖഭോഗങ്ങളെക്കൊണ്ടാണ്.

നിര്‍ഗുണസ്യ ഹതം രൂപം
ദു:ശീലസ്യ ഹതം കുലം
അസിദ്ധസ്യ ഹതാ വിദ്യാ
അഭോഗേന ഹതം ധനം

സുന്ദരനാണെങ്കിലും സാമര്‍ത്ഥ്യമില്ലെങ്കില്‍ വിലയുണ്ടാവില്ല. ദു:സ്വഭാവികള്‍ വംശത്തിന് നാണക്കേടാണ്. വിദ്യ പ്രയോഗിക്കാത്ത പണ്ഡിതന്‍ അപഹാസ്യനാണ്. ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത പണം നിരര്‍ത്ഥകമാണ്.

ശുചിര്‍ ഭൂമിഗതം തോയം
ശുദ്ധാ നാരി പതിവ്രതാ
രുചി:ക്ഷേമകരോ രാജാ

ഭൂഗര്‍ഭജലം പരിശുദ്ധമാണ്, പതിവ്രതയായ ഭാര്യ പുകഴ്ത്തപ്പെടുന്നു, പ്രജാക്ഷേമതല്‍‌പരനായ രാജാവ് പ്രകീര്‍ത്തിക്കപ്പെടുന്നു, സന്തുഷ്ടനായ ബ്രാഹ്മണന്‍ പൂജിക്കപ്പെടുന്നു.

അസന്തുഷ്ടാ ദ്വിജാ നഷ്ടാ:
സന്തുഷ്ടാശ്ച മഹീഭൃത:
സലജ്ജാ ഗണികാ നഷ്ടാ
നിര്‍ലജ്ജാശ്ച കുലാംഗനാ:

അസന്തുഷ്ടനായ ബ്രാഹ്മണനും, സന്തുഷ്ടനായ രാജാവും, ലജ്ജയുള്ള വേശ്യയും, ലജ്ജയില്ലാത്ത ഗൃഹനായികയും സ്വയം നശിക്കുന്നു.

Wednesday, August 6, 2008

അദ്ധ്യായം 7

അര്‍ത്ഥനാശം മനസ്താപം
ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാ/പമാനം ച
മതിമാന്‍ ന പ്രകാശയേല്‍

ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിനെ കുറിച്ചുള്ള അപഖ്യാതി, തനിക്ക് സംഭവിച്ച വഞ്ചനയുടെ കഥ- ഇത്രയും കാര്യങ്ങള്‍ ബുദ്ധിമാന്‍ ഒരിക്കലും വെളിപ്പെടുത്തരുത്.

ധനധാന്യാ പ്രയോഗേഷു
വിദ്യാ സംഗ്രഹണേഷു ച
ആഹാരേ വ്യവഹാരേ ച
ത്യക്തലജ്ജ: സുഖി ഭവേല്‍

ധനധാന്യങ്ങളുടെ ക്രയവിക്രയത്തില്‍, വിദ്യ സമ്പാദിക്കുന്നതില്‍, ഭക്ഷണത്തില്‍, തുടങ്ങിയ മറ്റ് ജീവിതചര്യകളില്‍, ഒട്ടും മടി കാണിക്കാതെ, കൂസലില്ലാതെ കര്‍ത്തവ്യമനുഷ്ഠിക്കുന്നവന് സുഖം അനുഭവിക്കാന്‍ സാധിക്കും.

സന്തോഷാ/മൃത തൃപ്താനാം
യത്സുഖം ശാന്ത ചേതസാം
ന ച തദ് ധന ലുബ്ധാനാം
ഇതശ്ചേതശ്ച ധാവതാം

അധികരിച്ച പണമോ ധനമോ മനസമാധാനം തരില്ല, ഏതവസ്ഥയേയും തുല്യമായി കാണാനുള്ള മാനസികാവസ്ഥയാണ് സമാധാനം.

സന്തോഷ തൃഷു കര്‍ത്ത‌വ്യ:
സ്വദാരേ ഭോജനേ ധനേ
ത്രിഷു ചൈവ ന കര്‍ത്തവ്യോ/-
ദ്ധ്യയനേ തപ ദാനയോ

ഭാര്യ, സ്വാദുള്ള ഭക്ഷണം, സമ്പത്ത്- ഈ കാര്യങ്ങളില്‍ ഉള്ളത് കൊണ്ട് തൃപ്തിയടയുക, എന്നാല്‍ ജ്ഞാന സമ്പാദനം, തപസ്സ്, ദാനം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലും തൃപ്തിയടയരുത്.

വിപ്രയോര്‍, വിപ്രവഹ്യോശ്ച
ദം‌പത്യോ: സ്വാമിഭൃത്യയോ:
അന്തരേണ ന ഗന്തവ്യം
ഹാലസ്യ വൃഷഭസ്യ ച

സംസാരിച്ചിരിക്കുന്ന രണ്ട് പണ്ഡിതന്‍‌മാര്‍, പടര്‍ന്നു കത്തുന്ന തീ, സ്വകാര്യം പറയുന്ന ദമ്പതിമാര്‍, ഭൃത്യനെ ശാസിക്കുന്ന യജമാനന്‍, പാടത്ത് ഉഴാന്‍ കെട്ടിയിട്ടിരിക്കുന്ന കാളകള്‍- ഇവയുടെ ഇടയില്‍ക്കൂടി മുറിച്ച് കടക്കരുത്.

പാദാഭ്യാം ന സ്പൃശേദഗ്നിം
ഗുരും ബ്രാഹ്മണമേവച
നൈവ ഗം ന കുമാരിം ച
ന വൃദ്ധം ന ശിശും തഥാ.

അഗ്നി, ഗുരു, ബ്രാഹ്മണന്‍, പശു, യുവതി, വൃദ്ധന്‍‌, ശിശു - ഇവരെ ഒരിക്കലും ചവിട്ടരുത്.

ശകടം പഞ്ചഹസ്തേന
ദശഹസ്തേന വാജിനം
ഹസ്തിം ച ശതഹസ്തേന
ദേശത്യാഗേന ദുര്‍ജ്ജനം

കാളവണ്ടിക്കരികില്‍ നിന്ന് 5 മുഴവും, ഒരു കുതിരയില്‍ നിന്ന് 10 മുഴവും, ആനയില്‍ നിന്ന് ആയിരം മുഴവും മാറി നില്‍ക്കണം. ദുര്‍ജ്ജനത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് കണക്കില്ല, സാധിക്കുമെങ്കില്‍ ദുര്‍ജ്ജനങ്ങളെ വിട്ട് മറ്റൊരു നാട്ടിലേക്ക് മാറി താമസിക്കുന്നതാണ് നല്ലത്.

ഹസ്തി അങ്കുശമാത്രേണ
വാജി ഹസ്തേന താഡയേല്‍
ശൃംഗി ലഗുഡ ഹസ്തേന
ഖഡ്ഗഹസ്തേന ദുര്‍ജ്ജന:

ആനയെ തോട്ടികൊണ്ട് മെരുക്കാം, കുതിരയെ ചാട്ട കൊണ്ട് മെരുക്കാം, കാലികളെ വടി കൊണ്ട് മെരുക്കാം- എന്നാല്‍ ദുഷ്ടജനത്തെ മെരുക്കുന്നതിന് വാളു തന്നെ വേണം.

തുഷ്യന്തി ഭോജനേ വിപ്ര
മയൂരാ ഘന ഗര്‍ജിതേ
സാധവ പരസമ്പത്തൈ:
ഖല: പരവിപത്തിഷു

ബ്രാഹ്മണനെ സന്തോഷിപ്പിക്കുന്നത് ഭക്ഷണമാണ്, മയിലിനെ ആഹ്ലാദിപ്പിക്കുന്നത് മേഘനാദമാണ്, സജ്ജനങ്ങളെ സന്തോഷിപ്പിക്കുന്നത് അന്യന്റെ സുഖജീവിതമാണ്- എന്നാല്‍ ദുഷ്ടജനങ്ങള്‍ സന്തോഷിക്കുന്നത് അന്യന് ആപത്തുവന്ന് കാണുമ്പോഴാണ്.

അനുലോപേന ബലിനം
പ്രതിലോപേന ദുര്‍ജ്ജനം
ആത്മതുല്യബലം ശത്രും
വിനയേന ബലേന വാ:

കരുത്തനായ ശത്രുവിന്റെ കാലുപിടിച്ച് കരുണ യാചിക്കാം, പക്ഷെ ദുര്‍ജ്ജനം എത്ര നിസാരനായിരുന്നാലും കരുണ കാണിക്കുകയോ കാലുപിടിക്കുകയോ ചെയ്യരുത് എതിര്‍ക്കുക തന്നെ വേണം. ശത്രു തനിക്കൊപ്പം കരുത്തനാണെങ്കില്‍ ഈ രണ്ട് രീതിയും പ്രയോഗിക്കണം.

ബാഹു വീര്യം ബലം രാജ്ഞാ
ബ്രാഹ്മണോ ബ്രഹ്മവിദ് ബലി
രൂപയൌവനമാധുര്യം
സ്ത്രീണാം ബലവദൂത്തമം

രാജാവിന്റെ അധികാരം വാളിന്റെ രൂപത്തിലും പണ്ഡിതന്റെ അധികാരം വിദ്യയുടെ രൂപത്തിലും സ്ത്രീയുടെ അധികാരം സൌന്ദര്യത്തിലും സ്ഥിതി ചെയ്യുന്നു.

യത്രോദകം തത്ര വസന്തി ഹംസാ:
തഥൈവ ശുഷ്കം പരിവര്‍ജയന്തി
ന ഹംസ തുല്യേന നരേണ ഭവ്യം
പുനസ്ത്യജന്തേ പുനരാശ്രയന്തേ

ശുദ്ധജലമുള്ളിടത്ത് അരയന്നങ്ങള്‍ കാണും, ആ ജലം വറ്റുമ്പോള്‍ അവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുന്നു. പക്ഷെ മനുഷ്യര്‍ കൂടെക്കൂടെ സ്വഭാവം മാറ്റരുത്.

ഉപാര്‍ജിതാനാം വിത്താനാം
ത്യാഗ ഏവ ഹി രക്ഷണം
തടാഗോദര സംസ്ഥാനാം
പരിവാഹ ഇവാ/0ഭസാം

സമ്പാദിച്ച് കൂട്ടിയ ധനത്തെ ശരിയാംവണ്ണം ചെലവഴിക്കുന്നതിലൂടെ സംരക്ഷിക്കാം, അത് പോലെ തടാകത്തിലെ ശുദ്ധജലത്തെ അകത്തേക്കും പുറത്തേക്കും ഒഴുക്കി സം‌രക്ഷിക്കുക.

സ്വര്‍ഗ്ഗസ്ഥിതാനാം ഇഹ ജീവലോകേ
ചത്വാരി ചിഹ്നാനി വസന്തി ദേഹേ
ദാനപ്രസംഗോ മധുരാ ച വാണി
ദേവാ/ര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച

ഭൂമിയില്‍ സ്വര്‍ഗ്ഗീയസുഖമനുഭവിക്കുന്നവര്‍ക്ക് പൊതുവില്‍ നാലു ഗുണങ്ങള്‍ കാണാം- അവര്‍ ദാനശീലരാണ്, മാധുര്യത്തോടെ സംസാരിക്കുന്നവരാണ്, നിത്യവും ദേവപൂജ ചെയ്യുന്നവരാണ്, ബ്രാഹ്മണരെ സല്‍ക്കരിക്കുന്നവരാണ്.

ഗമ്യതേ യതി മൃഗേന്ദ്ര മന്ദിരം
ലഭ്യതേ കരികപോലെ മൌക്തികം
ജംബുകാ//ലയഗതേ ച പ്രാപ്യതേ
വത്സ-പുച്ഛ-ഖര-ചര്‍മ്മ-ഖണ്ഡനം

സിംഹത്തിന്റെ ഗുഹയില്‍ നിന്നും ചിലപ്പോള്‍ മണിമുത്തുകള്‍ ലഭിച്ചേക്കാം. പക്ഷെ കുറുക്കന്റെ ഗുഹയില്‍ നിന്ന് വാലിന്റെ, രോമത്തിന്റെ, എല്ലിന്റെ, നഖത്തിന്റെ കഷണങ്ങളേ ലഭിക്കുകയുള്ളൂ.