Saturday, October 25, 2008

അദ്ധ്യായം 12

ദാക്ഷിണ്യം സ്വജനേ, ദയാ പരജനേ, ശാ‍ഠ്യം സദാ ദുര്‍ജ്ജനേ
പ്രീതി: സാധുജനേ, സ്മയ: ഖലജനേ, വിദ്വജ്ജനേ ചാര്‍ജ്ജവം,
ശൌര്യം ശത്രുജനേ, ക്ഷമാ ഗുരുജനേ, നാരീജനേ ധൃഷ്ടതാ
ഇത്ഥം യേ പുരുഷാ: കലാസു കുശലാസ്ത്വേഷേവ ലോകസാസ്ഥിതി:

സ്വജനത്തോട് ദയയും, അന്യരോട് അനുകമ്പയും, ദുര്‍ജ്ജനങ്ങളോട് ശാഠ്യവും, സാധുക്കളോട് ഇഷ്ടവും, ക്രൂരന്‍‌മാരോട് ക്രൌര്യവും, വിദ്വാന്‍‌മരോട് സത്യസന്ധതയും, ശത്രുക്കളോട് ശൌര്യവും, ഗുരുനാഥന്റെ മുന്നില്‍ വിനയവും, സ്ത്രീകളോട് പൌരുഷവും പ്രകടിപ്പിക്കുന്ന പുരുഷന്‍ സകലകലാവല്ലഭനും പ്രപഞ്ചത്തിന്റെ സംരക്ഷകനുമാണ്.

ആര്‍ത്തേഷു വിപ്രേഷു ദയാന്വിതശ്ച
യല്‍ ശ്രദ്ധയാ സ്വല്പം ഉപൈതി ദാനം
അനന്തപാരം സമുപൈതി രാജന്‍
യദ്ദിയതേ തന്ന ലാഭേല്‍ ദ്വിജേഭ്യ:

ഹൃദയപൂര്‍വ്വം മഹാന്‍‌മാരായ ബ്രാഹ്മണര്‍ക്ക് ദാനധര്‍മ്മം അനുഷ്ടിക്കുന്ന രാജാവിന് ഇരട്ടി ഈശ്വരാനുഗ്രഹം ലഭിക്കും.

പത്രം നൈവ കരീരവിടപേ ദോഷോ വസന്തസ്യ കിം
നോ ലുകോപ്യവലോകതേ യദി ദിവാ സൂര്യസ്യ കിം
ദൂഷണം വര്‍ഷൈനൈവ പതന്തി ചാതക മുഖേ
മേഘസ്യ കിം ദൂഷണം യത്പൂര്‍വ്വം വിധിനാ
ലലാടലിഖിതം തന്മാര്‍ജ്ജിതും ക: ക്ഷമ:

കണിക്കൊന്ന പൂക്കാത്തതിന് വസന്തത്തെ കുറ്റപ്പെടുത്താമോ? പകല്‍ സമയം മൂങ്ങക്ക് കാഴ്ച്ചയില്ലാത്തതിന് സൂര്യനെ പഴിചാരാമോ? വേഴാമ്പലിന്റെ തുറന്ന വായില്‍ മഴത്തുള്ളി വീഴാത്തതിന് മേഘത്തെ കുറ്റപ്പെടുത്താമോ? ഇതൊക്കെ വിധികളാണ് വിധിയെ തടുക്കന്‍ ആര്‍ക്കുമാവില്ല.

“വിപ്രാസ്മിന്നഗരേ മഹാന്‍ കഥയ ക:താല ദ്രൂമാണം ഗണ:!
കോ ദാതാ? രജകോ ദദാതി വസനം പ്രാതഗൃഹിത്വാ നിശി!
കോ ദക്ഷ: പരദാരവിത്ത ഹരണേ സര്‍വ്വപി ദക്ഷേ ജന:
കസ്മാജ്ജീവസി ഹേ സഖേ വിഷകൃമിന്യായേന ജീവാമ്യഹം”

ഒരു യാത്രക്കാരന്‍ ഒരു ബ്രാഹ്മണനോട് ചോദിച്ചു- ഈ നാട്ടിലെ ഏറ്റവും ഉയരമുള്ള ആളുകള്‍ ആരാണ്?
ബ്രാഹ്മണന്‍ മറുപടി പറഞ്ഞു- കള്ള് ചെത്തുന്ന പനകള്‍
ഈ നാട്ടിലെ ഏറ്റവും വലിയ ദാതാവാരാണ്?
അലക്കുകാരന്‍
ഇവിടുത്തെ അതിസമര്‍ത്ഥന്‍‌ ആരാണ്?
ഒരാളല്ല, ഈ നാട്ടിലുള്ളവരെല്ലാം അന്യന്റെ ധനത്തേയും ഭാര്യയേയും കവര്‍ന്നെടുക്കുന്നതില്‍ അതിസമര്‍ത്ഥരാണ്!
അതിശയത്തോടെ യാത്രക്കാരന്‍ അവസാന ചോദ്യം ചോദിച്ചു-എന്നിട്ടും താങ്കള്‍ എങ്ങനെ ഇവിടെ ജീവിക്കുന്നു?
വികാരഭേദമന്യേ ബ്രാഹ്മണന്‍ മറുപടി പറഞ്ഞു- ഞാനൊരു പുഴുവാണ്. ചെളിയില്‍ ജനിച്ച് ചെളിയില്‍ ജീവിച്ച് ചെളിയില്‍ മരിക്കുന്ന പുഴു.

സത്യം മാതാ പിതാ ജ്ഞാനം
ധര്‍മ്മോ ഭ്രാതാ ദയാ സ്വസാ
ശാന്തി പത്നി ക്ഷമാ പുത്ര:
ഷഡേതേ മമ ബാന്ധവാ:

ഒരു ഋഷിയോട് ഒരാള്‍ ചോദിച്ചു- അങ്ങേക്ക് കുടുംബമുണ്ടോ? ആരൊക്കെയാണ് കുടുംബാംഗങ്ങള്‍?
അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു-സത്യമാണ് എന്റെ അമ്മ, ജ്ഞാനമാണ് എന്റെ അച്ഛന്‍, ധര്‍മ്മമാണ് എന്റെ സഹോദരന്‍, ദയ എന്റെ സഹോദരിയാണ്, സമാധാനമാണ് എന്റെ ഭാര്യ, എനിക്കൊരു മകനുമുണ്ട്, അവനാണ് സഹിഷ്ണുത..ഈ ആറുപേരാണ് എന്റെ കുടുംബാംഗങ്ങള്‍!

അനിത്യാനി ശരീരാണി
വിഭവോ നൈവ ശാശ്വത:
നിത്യം സന്നിഹിതോ മൃത്യു:
കര്‍ത്തവ്യോ ധര്‍മ്മ സംഗ്രഹ:

ശരീരം ശാശ്വതമല്ല, ധനം സ്ഥിരമല്ല. മരണം അരുകില്‍ തന്നെയുണ്ട്, ഇതോര്‍മ്മിച്ച് സദാ സല്‍ പ്രവര്‍ത്തികള്‍ ചെയ്യുക.

ആമന്ത്രോണോത്സവാ വിപ്രാ
ഗാവോ നവ തൃണോത്സവാ:
പത്യുത്സാഹയുതാ നാര്യ:
അഹം കൃഷ്ണരണോത്സവ:

ബ്രാഹ്മണന്‍ സദ്യകണ്ടാല്‍ ആഹ്ലാദിക്കും, പശു പുല്‍‌മേടുകണ്ടാല്‍ ആഹ്ലാദിക്കും, ഭര്‍ത്താവിന്റെ പൌരുഷ്യത്തില്‍ ഭാര്യ ആഹ്ലാദിക്കും, ഈശ്വരവിശ്വാസം ആത്മാവിന്റെ ആഹ്ലാദമാണ്..

മാതൃവല്‍ പരദാരാംശ്ച
പരദ്രവാണി ലോഷ്ഠവല്‍
ആത്മവല്‍ സര്‍വ്വഭൂതാനി
യ: പശ്യതി സ പശ്യതി

അന്യ സ്ത്രീകളെ അമ്മയെപ്പോലെ കാണുക, അന്യന്റെ ധനത്തെ കല്ലും മണലുമായി കണക്കാക്കുക, സ്വന്തം ആത്മാവിനെ എല്ലാ ജീവികളിലും ദര്‍ശിക്കുക.

വിനയം രാജപുത്രേഭ്യ:
പണ്ഡിതേഭ്യ: സുഭാഷിതം
അനൃതം ദ്യുതകാരേഭ്യ:
സ്ത്രീഭ്യ: ശിക്ഷേല്‍ ച കൈതവം

രാജാവില്‍ നിന്ന് വിനയവും, പണ്ഡിതന്‍‌മാരില്‍ നിന്ന് വാഗ്‌സാമര്‍ത്ഥ്യവും, ചൂതുകളിക്കാരനില്‍ നിന്ന് അസത്യവും, സ്ത്രീകളില്‍ നിന്ന് കൌശലവും സ്വായത്തമാക്കാം.

അനാലോക്യ വ്യയം കര്‍താ
ഹ്യനാഥ: കലഹപ്രിയ:
ആതുര: സര്‍വ്വക്ഷേത്രേഷു
നര:ശീഘ്രം വിനശ്യതി

പണം ധൂര്‍ത്തടിക്കുന്നവന്‍, വഴക്കുണ്ടാക്കുന്നവന്‍, എപ്പോഴും പരാതിപ്പെടുന്നവന്‍, വ്യഭിചരിക്കുന്നവന്‍- ഇവര്‍ വേഗത്തില്‍ നശിക്കുന്നു.

വയസ: പരിണാമേ/പി
യ: ഖല: ഖല: ഏവ സ:
സുപക്വമപി മാധുര്യ
നോപയാതിന്ദ്രവാരുണം

ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല.