Thursday, July 31, 2008

അദ്ധ്യായം 6

ശ്രുത്വാ ധര്‍മ്മം വിജാനാതി
ശ്രുത്വാ ത്യജതി ദുര്‍മതി:
ശ്രുത്വാ ജ്ഞാനമവാപ്നോതി
ശ്രുത്വാ മോക്ഷമവാപ്നുയാല്‍

വേദപഠനം കേട്ടാല്‍ വേദാന്തതത്വങ്ങള്‍ ഹൃദിസ്ഥമാകും, പണ്ഡിതന്റെ പ്രഭാഷണം കേട്ടാല്‍ മനസിലെ ദുഷ്ചിന്തകള്‍ മാറിപ്പോകും, ആത്മീയഗുരുവിന്റെ ഉപദേശവും സാമീപ്യവും മോക്ഷത്തിലേക്ക് നയിക്കും.

പക്ഷീണാം കാകശ്ചണ്ഡാലാ:
പശൂനാം ചൈവ കുക്കുര:
മുനീനാം കോപി ചണ്ഡാല:
സര്‍വ്വേഷാം ചൈവ നിന്ദക:

പക്ഷികളില്‍ കാക്കയും മൃഗങ്ങളില്‍ നായയും വെറുക്കപ്പെട്ടതാണ്. ക്ഷിപ്രകോപികളായ സന്യാസിമാരെ ആരും ഇഷ്ടപ്പെടാറില്ല. ആളുകള്‍ക്ക് പാരപണിയുന്നവരെ ആരും അടുപ്പിക്കാറില്ല.

ഭസ്മനാ ശുദ്ധ്യതേ കാംസ്യം
താമ്രമമ്ലേന ശുദ്ധ്യതി
രജസാ ശുദ്ധ്യതേ നാരീ
നദീ വേഗേന ശുദ്ധ്യതി

പിച്ചളപാത്രത്തെ ചാരം കൊണ്ടും ചെമ്പുപാത്രത്തെ നാരങ്ങ കൊണ്ടും ശുദ്ധിയാക്കാം, സ്ത്രീകള്‍ ആര്‍ത്തവത്താലും നദികള്‍ ഒഴുക്കുകൊണ്ടും പരിശുദ്ധി നേടുന്നു.

ഭ്രമന്‍ സം‌പൂജ്യതേ രാജാ
ഭ്രമന്‍ സം‌പൂജ്യതേ ദ്വിജ:
ഭ്രമന്‍ സം‌പൂജ്യതേ യോഗി
സ്ത്രീ ഭ്രമന്തി വിനശ്യതി

ഗ്രാമങ്ങള്‍ തോറും ചുറ്റു നടക്കുന്ന രാജാവ് പൂജിക്കപ്പെടുന്നു, വിദേശയാത്ര ചെയ്യുന്ന ബ്രാഹ്മണനും ദേശാന്തരം നടത്തുന്ന സന്യാസിമാരും സം‌പൂജ്യരാവുന്നു, എന്നാല്‍ നാടു ചുറ്റി നടക്കുന്ന സ്ത്രീ നശിക്കുന്നു.

താദൃശീ ജായതേ ബുദ്ധിര്‍
വ്യവസായോ/പി താദൃശ:
സഹായാസ്താദൃശാ ഏവ
യാദൃശി ഭവിതവ്യതാ

പണമുള്ളവന് ബുദ്ധിയുണ്ടാവുന്നു. അവരുടെ ലോക കാര്യങ്ങള്‍ ചടുലമാവുന്നു, അവരെ സഹായിക്കാന്‍ സമാനഗതിയിലുള്ളവര്‍ വന്നുചേരുന്നു, അവരുടെ ജീവിതം ഈ വിധത്തില്‍ ചിട്ടയാവുന്നു.

കാല: പചതി ഭൂതാനി
കാല: സംഹരതേ പ്രജ:
കാല: സുപ്തേഷു ജാഗര്‍തി
കലോ ഹി ദുരതിക്രമ:

സമയം എല്ലാത്തിനെയും നിയന്ത്രിക്കുന്നു. അത് എല്ലാത്തിനെയും സംഹരിക്കുന്നു. നാമുറങ്ങുമ്പോള്‍ അത് ഉണര്‍ന്നിരിക്കുന്നു. നാമറിയാതെ അത് നമ്മെ പിടികൂടുന്നു. സമയമെന്നത് നിയന്ത്രണവിധേയമല്ല.

ന പശ്യതി ച ജന്മാന്ധ:
കാമാന്ധോ നൈവ പശ്യതി
ന പശ്യതി മദോന്മത്തോ
ഹ്യര്‍ത്ഥി ദോഷാന്‍ ന പശ്യതി

അന്ധനു കാഴ്ച്ചയില്ല, കാമാന്ധന് ഒട്ടും കാഴ്ച്ചയില്ല, മദ്യപാനിക്ക് തീരെ കാഴ്ച്ചയില്ല, സ്വാര്‍ത്ഥതയുള്ളവന് അശേഷം കാഴ്ച്ചയില്ല.

സ്വയം കര്‍മ്മ കരോത്യാത്മാ
സ്വയം തത്ഫലമശ്നുതേ
സ്വയം ഭ്രമതി സംസാരേ
സ്വയം തസ്മാദ് വിമുച്യതേ

കര്‍മ്മം ചെയ്യുന്ന നാം തന്നെ അതിന്റെ ഫലവും അനുഭവിക്കുന്നു. പലരൂപത്തിലും ഭാവത്തിലും നാം ഭൂമിയിലെത്തുന്നു. ആ രൂപഭാവങ്ങളെ ഭേദിച്ച് നാം അറിയാതെ തന്നെ സ്രഷ്ടാവിലേക്ക് മടങ്ങുന്നു; ഒരു ജീവിത ചക്രം പൂര്‍ത്തീകരിക്കപ്പെടുന്നു.

രാജാ രാക്ഷ്ട്രകൃതം ഭുംക്തോ
രാജ്ഞാ പാപം പുരോഹിത:
ഭര്‍ത്താ ച സ്ത്രീകൃതം പാപം
ശിഷ്യപാപം ഗുരു സ്തഥാ

പ്രജകളുടെ ദുഷ്കര്‍മ്മത്തിന്റെ ഫലം രാജാവ് അനുഭവിക്കുന്നു, രാജാവിന്റെ ദുഷ്കര്‍മ്മങ്ങള്‍ പുരോഹിതന്‍ അനുഭവിക്കുന്നു, ഭാര്യയുടെ പ്രവര്‍ത്തിദോഷങ്ങള്‍ ഭര്‍ത്താവിനെ ബാധിക്കുന്നു. ശിഷ്യന്‍‌മാരുടെ ദു:സ്വഭാവങ്ങള്‍ ഗുരുനാഥനെ അലട്ടുന്നു.

ഋണകര്‍ത്താ പിതാ ശത്രു:
മാതാ ച വ്യഭിചാരിണി
ഭാര്യാ രൂപവതി ശത്രു:
പുത്ര: ശത്രുരപണ്ഡിത:

കടം വരുത്തിവച്ച് മരിച്ച അച്ഛന്‍ പുത്രന് ശത്രുവിന് സമമാണ്, വ്യഭിചാരിണിയായ സ്ത്രീ അമ്മയാണെങ്കില്‍ പോലും ശത്രുവാണ്, ഭാര്യ സുന്ദരിയാണെങ്കില്‍ ഭര്‍ത്താവിന് ശത്രുത്വം തോന്നാം, വിഡ്ഢിയായ പുത്രനെ പിതാവും ശത്രുവായി കണും.

ലുബ്ധം അര്‍ത്ഥേന ഗൃഹ്ണിയാല്‍
സ്തബ്ധം അഞ്ജലി കര്‍മ്മണാ
മൂര്‍ഖ ഛന്ദോ/നുവൃത്തേന
യഥാര്‍ത്ഥേന പണ്ഡിത

അത്യാര്‍ത്തിയുള്ളവനെ പണംകൊണ്ട് സ്വാധീനിക്കാം, അഹങ്കാരിയെ നമിച്ച് പ്രീതിപ്പെടുത്താം, വിഡ്ഢിയെ അനുകൂലിച്ച് സന്തോഷിപ്പിക്കാം, പക്ഷെ ഒരു പണ്ഡിതനെ സത്യപ്രസ്താവന കൊണ്ട് മാത്രമേ സന്തോഷിപ്പിക്കാന്‍ കഴിയൂ.

വരം ന രാജ്യം ന കുരാജ രാജ്യം
വരം ന മിത്രം ന കുമിത്രമിത്രം
വരംനശിഷ്യേഅനകുശിഷ്യ ശിഷ്യോ
വരം ന ദാരാ ന കുദാരദാരാ

ചീത്ത നാടിനെക്കാള്‍ നല്ലത് നാടില്ലാതിരിക്കലാണ്, ചീത്തസുഹൃത്തിനെക്കാള്‍ നല്ലത് സുഹൃത്തില്ലാതിരിക്കലാണ്, വിഡ്ഢിയായ വിദ്യാര്‍ത്ഥിയെക്കാള്‍ നല്ലത് വിദ്യാര്‍ത്ഥി ഇല്ലാതിരിക്കുന്നതാണ്, തന്നിഷ്ടക്കാരിയായ ഭാര്യയെക്കാള്‍ നല്ലത് ഭാര്യയില്ലാതിരിക്കലാണ്.

സിംഹാദേകം ബകാദേകം
ശിക്ഷേച്ഛത്വാരി കുക്കുടാല്‍
വായസാത്പഞ്ച ശിക്ഷേ ച
ഷഢ് ശുനസ്ത്രീണി ഗര്‍ദ്ദഭാല്‍

പക്ഷിമൃഗാദികളില്‍ നിന്നും മനുഷ്യന് ഏറെ ഗുണപാഠങ്ങള്‍ ലഭിക്കുന്നുണ്ട്. സിംഹവും കൊക്കും ഓരോ ഉപദേശം നല്‍കുന്നു. കോഴിയില്‍ നിന്ന് നാലും കാക്കയില്‍ നിന്ന് അഞ്ചും നായയില്‍ നിന്ന് ആറും കഴുതയില്‍ നിന്ന് മൂന്നും പാഠങ്ങള്‍ മനുഷ്യന് പഠിക്കാം.

പ്രഭുതം കാര്യമല്പം വാ
യന്നര: കര്‍തുമിച്ഛതി
സര്‍വ്വാരംഭേണ തത്കാര്യം
സിംഹാദേകം പ്രചക്ഷതേ

സിംഹം ഇരയുടെ മേല്‍ സര്‍വ്വശക്തിയും പ്രയോഗിച്ച് ചാടി വീഴുന്നു, ഇരയെ കീഴ്പ്പെടുത്തന്നവരെയ്ക്കും അത് വിശ്രമിക്കുകയുമില്ല. ഇത് പോലെ നമ്മുടെ പദ്ധതികളെല്ലാം അതി ശക്തമായിത്തന്നെ പ്രയോഗത്തില്‍ വരുത്തണം, അത് പൂര്‍ത്തീകരിക്കുന്നതു വരെ വിശ്രമിക്കയുമരുത്.

ഇന്ദ്രിയാണി ച സംയമ്യ
ബകവല്‍ പണ്ഡിതോ നര:
ദേശകാലബലം ജ്ഞാത്വാ
സര്‍വ്വകാര്യാണി സാധയേല്‍

വെള്ളം നിറഞ്ഞ പാടത്ത് കൊക്ക് നിശ്ചലനായി ഏകാഗ്ര ദൃഷ്ടിയോടെ നിന്ന് മുന്നില്‍ വന്നുപെടുന്ന മത്സ്യത്തെ മാത്രം കൊത്തി വിഴുങ്ങുന്നു. എന്ന്‌ പറഞ്ഞാല്‍ അങ്ങുമിങ്ങും കാണുന്ന മത്സ്യങ്ങളെ ലക്ഷ്യം വയ്ക്കാതെ ക്ഷമയോടെ കാത്തിരുന്ന് തന്റെ കൈപ്പിടിയില്‍ ഒതുങ്ങും എന്ന് പൂര്‍ണ്ണ ഉറപ്പുള്ള മത്സ്യത്തെ മാത്രം പിടിക്കുന്നു.

പ്രത്യുത്ഥാനം ച യുദ്ധം ച
സംവിഭാഗം ച ബന്ധുഷു
സ്വയമാക്രമ്യ ഭുക്തം ച
ശിക്ഷേച്ഛത്വാരി കുക്കുടാല്‍

പ്രഭാതത്തില്‍ ഉണര്‍ന്ന്, കര്‍മ്മനിരതനായി, ഭക്ഷണം കണ്ടെത്തി, കൂട്ടുകാര്‍ക്ക് പങ്കിട്ടു കൊടുക്കുന്ന കോഴിയില്‍ നിന്ന് നമുക്ക് നാലു പാഠങ്ങള്‍ പഠിക്കാം.

ഗൂഢമൈഥുന ചാരിത്വം ച
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമ വിശ്വാസം
പശ്ചശിക്ഷേച്ച വായസാല്‍

രഹസ്യ മൈഥുനം, ഭാവിക്കുവേണ്ടി കരുതിവയ്ക്കല്‍, സദാ ജാഗ്രത, സര്‍വ്വത്ര അവിശ്വാസം, ശുഭാപ്തി വിശ്വാസം ഇവയാണ് കാക്ക നമുക്ക് നല്‍കുന്ന അഞ്ച് ഉപദേശങ്ങള്‍.

ബഹ്വാശി സ്വല്പസന്തുഷ്ട:
സുനിദ്രോ ലഘുചേതന:
സ്വാമിഭക്തശ്ച ശൂരശ്ച
ഷഡതോ ശ്വാനതോ ഗുണോ:

നായ എപ്പോഴും അമിതമായി ഭക്ഷിക്കുന്നു, ഭക്ഷണം കിട്ടിയില്ലെങ്കിലും അതിന് പരാതിയില്ല. എപ്പോഴും ഉറങ്ങുകയാണെന്ന് തോന്നും, പക്ഷെ ഏത് ചെറിയ അനക്കം കേട്ടാലും അത് ഞെട്ടി ഉണരുന്നു. മനുഷ്യനോട് വിശ്വസ്തത പുലര്‍ത്തുന്ന നായ അതേസമയം തന്റെ വര്‍ഗ്ഗത്തോട് അതിശക്തമായി പോരാടുകയും ചെയ്യുന്നു.

ശുശ്രാന്തോ/പി വഹേല്‍ ഭാരം
ശീതോഷ്ണം ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രിണി ശിക്ഷേച്ച ഗര്‍ദഭാല്‍

വിശ്രമമില്ലാതേയും പരാതിയില്ലാതേയും ഭാരം ചുമക്കുക, ചൂടും തണുപ്പും ഒരു പോലെ കണക്കാക്കുക, ഏതുകാര്യത്തിലും സന്തുഷ്ടനായിരിക്കുക- ഈ മൂന്ന് കാര്യങ്ങളാണ് കഴുത നമ്മെ പഠിപ്പിക്കുന്നത്.

10 comments:

ചാണക്യന്‍ said...

ശുശ്രാന്തോ/പി വഹേല്‍ ഭാരം
ശീതോഷ്ണം ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രിണി ശിക്ഷേച്ച ഗര്‍ദഭാല്‍..

siva // ശിവ said...

ഹായ്,

ഞാന്‍ ഇതൊക്കെ വായിക്കുന്നു....എനിക്ക് ഇങ്ങനെയൊരവസരം തരുന്നതിന് ഒരുപാട് നന്ദി...

അനില്‍@ബ്ലോഗ് // anil said...

വായിക്കുന്നുണ്ടു കേട്ടോ, ഇഴകീറാന്‍ നമുക്കു യോഗ്യതയില്ല.

beena said...

Hai Chanakya,

Are u the real Chanakya (Prime minister of Chandra Gupta)who lived

between 350-275 BC.



Beena

ചാണക്യന്‍ said...

Beena,
NO..

smitha adharsh said...

ഞാനും വായിച്ചു...പക്ഷെ,അഭിപ്രായം പറയാന്‍ ഞാനും ആളല്ല.

Nachiketh said...

പണമുള്ളവന് ബുദ്ധിയുണ്ടാവുന്നു. അവരുടെ ലോക കാര്യങ്ങള്‍ ചടുലമാവുന്നു, അവരെ സഹായിക്കാന്‍ സമാനഗതിയിലുള്ളവര്‍ വന്നുചേരുന്നു, അവരുടെ ജീവിതം ഈ വിധത്തില്‍ ചിട്ടയാവുന്നു.

ചാണക്യാ......

ചാണക്യന്‍ said...

നചികേതസേ,
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ കണ്ടെത്തലുകള്‍ അല്ല, ചാണക്യന്റേതാണ്.....

riyaz ahamed said...

പക്ഷീണാം കാകശ്ചണ്ഡാലാ:

പക്ഷികളില്‍ കാക്കയാണു ചണ്ഡാലന്‍ (!)

-ഗൂഢമൈഥുന ചാരിത്വം ച
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമ വിശ്വാസം
പശ്ചശിക്ഷേച്ച വായസാല്‍

രഹസ്യ മൈഥുനം, ഭാവിക്കുവേണ്ടി കരുതിവയ്ക്കല്‍, സദാ ജാഗ്രത, സര്‍വ്വത്ര അവിശ്വാസം, ശുഭാപ്തി വിശ്വാസം ഇവയാണ് കാക്ക നമുക്ക് നല്‍കുന്ന അഞ്ച് ഉപദേശങ്ങള്‍.

-ഇത്രയും ചെയ്തിട്ടും പാവം കാക്കയാണത്രേ 'വെറുക്കപ്പെട്ടവന്‍'!

ചാണക്യാ!

Unknown said...

പ്രഭാതത്തില്‍ ഉണര്‍ന്ന്, കര്‍മ്മനിരതനായി, ഭക്ഷണം കണ്ടെത്തി, കൂട്ടുകാര്‍ക്ക് പങ്കിട്ടു കൊടുക്കുന്ന കോഴിയില്‍ നിന്ന് നമുക്ക് നാലു പാഠങ്ങള്‍ പഠിക്കാം. .. What are the 4 lessons?